കൽപ്പറ്റ: രാഹുൽഗാന്ധി എം.പി നയിക്കുന്ന ഭരണഘടന സംരക്ഷണയാത്ര നാളെ കൽപ്പറ്റയിൽ നടക്കും. മഹാത്മാഗാന്ധിയുടെ രക്ഷസാക്ഷിത്വദിനമായ ജനുവരി 30നാണ് പരിപാടി. പൗരത്വ നിയമ ഭേദഗതിയും, ദേശീയ പൗരത്വ രജിസ്‌ട്രേഷനും പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയിൽ ജനങ്ങൾ നടത്തുന്ന പ്രക്ഷോഭ പരിപാടികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് യു.ഡി.എഫിന്റെ നേതൃത്വത്തിൽ രാഹുൽഗാന്ധി നയിക്കുന്ന ഭരണഘടന സംരക്ഷണയാത്ര നടത്തുന്നത്.
രാവിലെ 9.30ന് കൽപ്പറ്റ എസ്.കെ.എം.ജെ.എച്ച്.എസ്.എസ് പരിസരത്തു നിന്ന് ആരംഭിക്കുന്ന യാത്ര പുതിയ ബസ്‌സ്റ്റാന്റ് പരിസരത്ത് സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും.
സംരക്ഷണ യാത്രയിലും പൊതുസമ്മേളനത്തിലും മുഴുവൻ മതേതരജനാധിപത്യ വിശ്വാസികളും അണിചേരണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.പി.എ കരീം, കൺവീനർ എൻ.ഡി അപ്പച്ചൻ എന്നിവർ ആവശ്യപ്പെട്ടു.