മാനന്തവാടി: എടവക പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ പീച്ചങ്കോട്ടെ തറവാട് വീട്ടിലായിരുന്നു മുഹമ്മദലിയും കുടുംബവും താമസിച്ചിരുന്നത്. പശു വളർത്തലായിരുന്നു ഉപജീവന മാർഗ്ഗം. കാലപഴക്കത്താൽ തകർന്ന് തുടങ്ങിയ വീട് കഴിഞ്ഞ പ്രളയത്തിൽ പൂർണ്ണമായും തകർന്നു.
ഭാര്യയ്ക്ക് അർബുദം ബാധിച്ചതോടെ ചികിത്സയ്ക്ക് വലിയൊരു തുക വേണ്ടിവന്നു. പിന്നീട് ഭാര്യ മരിക്കുകയും ചെയ്തു. ഇതോടെ പശുക്കളെ വിറ്റു. ഗത്യന്തരമില്ലാതെ വന്നപ്പോൾ, പഞ്ചായത്ത് അനുവദിച്ച കാലി തൊഴുത്ത് കൂരയാക്കി മാറ്റി താമസം തുടങ്ങി. പ്രാഥമിക സൗകര്യങ്ങൾ നിറവേറ്റാനും സൗകര്യങ്ങളില്ല.
മഴക്കാലത്ത് വെള്ളം മുഴുവൻ ഒറ്റമുറി മാത്രമുള്ള കൂരയ്ക്കുള്ളിലേക്ക് ഒഴുകിയെത്തും. മേൽഭാഗത്ത് ഷീറ്റ് മാത്രമാണ് വിരിച്ചിട്ടുള്ളത്. നാലു വർഷമായി ഈ കൂരയ്ക്കുള്ളിലാണ് രണ്ടാം ഭാര്യ ജാസ്മിനുമൊത്ത് മുഹമ്മദാലി കഴിയുന്നത്.മുഹമ്മദലിയുടെ മകൻ അസീസും ഷെഡിനുള്ളിലാണ് താമസിക്കുന്നത്.
5 സെന്റ് സ്ഥലം മാത്രമാണ് ഈ കുടുംബത്തിനുള്ളത്.
63 കാരനായ മുഹമ്മദാലി ഇപ്പോഴും കൂലി പണിയെടുത്താണ് ജീവിക്കുന്നത്. പ്രായാധിക്യത്താൽ മുഴുവൻ സമയവും ജോലി ചെയ്യാനും കഴിയില്ല.
ഇത്തവണ പി എം എ വൈ പദ്ധതിയിൽ അപേക്ഷ നൽകിയിരുന്നെങ്കിലും ഗുണഭോക്താക്കളുടെ ലിസ്റ്റ് പുറത്തിറങ്ങിയപ്പോൾ ലിസ്റ്റിൽ പേരില്ല. അധികൃതർ വീടിന്റെ ഫോട്ടോയും മറ്റും എടുത്ത് പോയതാണെന്നും ലിസ്റ്റിൽ പേരില്ലാതയതൊടെ ഇനി എന്ത് ചെയ്യണമെന്നറിയില്ലെന്നും മുഹമ്മദാലി പറയുന്നു.
ജിയോടാഗ് ചെയ്യാത്തതിനെ തുടർന്ന് പ്രദേശത്തെ 36 കുടുംബങ്ങളാണ് ലിസ്റ്റിൽനിന്ന് പുറത്തായത്. ഇതേകുറിച്ച് അന്വേഷിക്കാൻ ചെന്ന മുഹമ്മദലി ഉൾപ്പെടെയുള്ളവർക്കെതിരെ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തുവെന്ന പേരിൽ പൊലീസ് കേസേടുക്കുകയും ചെയ്തു.
ഉന്നത അധികൃതരുടെ അടിയന്തിര ഇടപെടൽ ഉണ്ടായാൽ മാത്രമെ മുഹമ്മദലിയുൾപ്പെടെ പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ ദുരിതത്തിന് അറുതിയാവൂ.