choy
ചോയിമൂല നെൽപ്പാടത്ത് വെള്ളമെത്തിയപ്പോൾ

മാനന്തവാടി: നാട്ടുകാരുടെയും കൃഷിവകുപ്പ് ജീവനക്കാരുടെയും കൂട്ടായ്മയിൽ ജലക്ഷാമമുള്ള നെൽപ്പാടത്ത് വെള്ളമെത്തിച്ചു. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ പേരിയ ഒന്നാം വാർഡിലെ ചോയിമൂല പാടശേഖരത്തിലാണ് കൃഷി വകുപ്പ് ഉദ്യാഗസ്ഥരും പ്രദേശവാസികളും ചേർന്ന് താത്കാലിക തടയണയും കനാലും തീർത്ത് വെള്ളമെത്തിച്ചത്.

നിലവിലുണ്ടായിരുന്ന തോട്ടിലെ തകർന്ന അണക്കെട്ടിനോട് ചേർന്ന് മണൽച്ചാക്കുകൾ അടുക്കിയും പ്ലാസ്റ്റിക്ക് ഷീറ്റുകൾ വിരിച്ചുമാണ് ഇവർ തടയണ നിർമിച്ചത്. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരും നാട്ടുകരും കനാൽ നിർമ്മിച്ച് വെള്ളം 250 മീറ്റർ അകലെയുള്ള വയലിലെത്തിക്കുകയായിരുന്നു. ഇതോടെ നാലേക്കർ വയലിൽ പുഞ്ചകൃഷിയും ആരംഭിച്ചു.
കാപ്പാട്ടുമല പടിഞ്ഞാറ്റയിൽ വിനയൻ, സുഹൃത്തുക്കളായ എം.എസ്.സുരേഷ്, ജയേഷ് വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയിറക്കുന്നത്. ചെക്ക്ഡാമിനും കനാൽ നിർമ്മാണത്തിനും പ്രദേശവാസികൾക്കൊപ്പം ജില്ലാ കൃഷി വകുപ്പ് ഡപ്യൂട്ടി ഡയർക്ടർമാരായ ശാന്തി, സജിമോൾ, മാർക്കറ്റിംഗ് എഡിഎ അജയ് അലക്‌സ്, തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് അംഗം റഫീഖ് കൈപ്പാണി, തവിഞ്ഞാൽ കൃഷി ഓഫിസർ കെ.ജി സുനിൽ, അസിസ്റ്റന്റ് കൃഷി ഓഫിസർ കെ.വി റെജി, ജീവനക്കാരായ അഷറഫ് വലിയ പിടികയിൽ, കെ.ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.