rahul-gandhi

കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്‌സെയും ഒരേ ആശയത്തിന്റെ വക്താക്കളാണെന്ന് രാഹുൽ ഗാന്ധി എം.പി ആരോപിച്ചു. കൽപ്പറ്റയിൽ ഭരണഘടനാ സംരക്ഷണ യാത്രയ്‌ക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ മണ്ണിൽ ജനിച്ച ഏതൊരാളും ഇന്ത്യക്കാരനാണ്. അതിന് മറ്റാരുടെയും സർട്ടിഫിക്കറ്റ് വേണ്ട. പൗരത്വം തെളിയിക്കണമെന്ന് പറയാൻ മോദിക്ക് ആരാണ് ലൈസൻസ് നൽകിയത് ?. രാജ്യത്തിന്റെ ആത്മാവായ ഭരണഘടനയെ തന്നെ പ്രധാനമന്ത്രി വെല്ലുവിളിക്കുകയാണ്. ജാതീയവും മതപരവുമായി ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ ജനങ്ങൾ ചെറുത്തു തോല്പിക്കും.

ഞാൻ ഒരു ഇന്ത്യക്കാരനാണ്. എനിക്ക് അത് ആരുടെ മുൻപിലും തെളിയിക്കേണ്ട ആവശ്യമില്ല. ഇന്ത്യയെ വിഭജിക്കുക, വെറുപ്പു പരത്തുക, ഇന്ത്യയെ കൊള്ളയടിക്കുക എന്നതു മാത്രമാണ് മോദിയുടെ ലക്ഷ്യം. മോദിയുടെ ഇന്ത്യയിൽ യുവാക്കൾക്ക് ഭാവിയില്ല.

കേന്ദ്ര സർക്കാരിന്റെ വികല സാമ്പത്തിക നയങ്ങൾ കാരണം രാജ്യത്ത് തൊഴിലില്ലായ്മ പെരുകുകയാണ്. വൻകിടക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഒട്ടെല്ലാ മേഖലകളും സ്വകാര്യവത്കരിക്കുകയാണ്. വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്‌നേഹവും സഹവർത്തിത്വവും കൊണ്ട് നേരിടുമെന്നും രാഹുൽ പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, പി.സി. വിഷ്ണുനാഥ്, മുൻ മന്ത്രിമാരയ പി.കെ. ജയലക്ഷ്മി, എ.പി.അനിൽകുമാർ, മുസ്ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങൾ, ഡി.സി.സി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.പി.എ. കരിം എന്നിവർ സംസാരിച്ചു.

കൽപ്പറ്റ എസ്‌.കെ.എം.ജെ ഹൈസ്‌കൂളിൽ നിന്നാരംഭിച്ച മാർച്ചിൽ വൻ ജനാവലിയാണ് പങ്കെടുത്തത്.