കൽപ്പറ്റ: കോറോണ വൈറസ് രോഗബാധ മുൻകരുതലുകളുടെ ഭാഗമായി വയനാട്ടിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 16 ആയി. മുട്ടിൽ പഞ്ചായത്തിൽ ഒരാൾ, മൂപ്പൈനാട് 2,വെള്ളമുണ്ട 3,എടവക 1,ബത്തേരി മുനിസിപ്പാലിറ്റി 4,കൽപ്പറ്റ 5 എന്നിങ്ങനെയാണ് നിരീക്ഷണത്തിലുള്ളവർ.
മുൻകരുതലുകളുടെ ഭാഗമായി ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡി.എം.ഒ ഡോ: കെ.രേണുക അറിയിച്ചു. കൂടുതൽ ഇടങ്ങളിലേക്ക് കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ കുറ്റമറ്റ മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിൽ മൂന്ന് ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. മാനന്തവാടി ജില്ലാ ആശുപത്രി ,കൽപ്പറ്റ ജനറൽ ആശുപത്രി ,മേപ്പാടി വിംസ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് ഐസൊലേഷൻ വാർഡുകൾ ക്രമീകരിച്ചത്.
ജില്ലയിൽ ഇന്നലെ പുതുതായി 2 പേരെയാണ് നീരിക്ഷണത്തിൽപെടുത്തിയത്. ചൈനീസ് സന്ദർശനം കഴിഞ്ഞെത്തിയവരാണിവർ.
നിരീക്ഷണത്തിലുള്ള 16 പേരിൽ ആർക്കും രോഗലക്ഷങ്ങൾ ഇല്ലാത്തതിനാൽ ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുമില്ല. 28 ദിവസമാണ് ഇവരെ നീരിക്ഷിക്കുക.
കൊറോണ ബാധിച്ച രാജ്യങ്ങളിൽ നിന്ന് ജില്ലയിലെത്തുന്നവർ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം.
ജില്ലയിലെ ആരോഗ്യ മേഖലയിലെ സംവിധാനങ്ങൾ പകർച്ച വ്യാധികളെ നേരിടാൻ സുസജ്ജമാണെന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന ആരോഗ്യ സമിതി വിലയിരുത്തി. അതിനിടെ കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.