ആലപ്പുഴ: ജില്ലയിലെ കായലോര മേഖലകളിലെ കർഷകരെ ആശ ങ്കയുടെ മുൾമുനയിൽ നിർത്തി വേമ്പനാട്ട് കായലിലെ ജലനിരപ്പ് കീഴോട്ട് .
ഉപ്പുവെള്ള ഭീഷണിയാണ് കർഷകർക്ക് പ്രധാന വെല്ലുവിളി. കടലിലെ ജലനിരപ്പിനേക്കാൾ വേമ്പനാട്ടു കായലിലെ ജലനിരപ്പ് 30 സെന്റിമീറ്ററോളം താഴ്ന്നതായി കുട്ടനാട് കായൽ നില ഗവേഷണ കേന്ദ്രം നടത്തിയ പരിശോധനയിൽ കണ്ടെത്തി.
വേമ്പനാടിന്റെ പടിഞ്ഞാറൻ മേഖലയിൽ ഉപ്പുവെള്ളത്തിന്റെ തോത് ഉയർന്നു. മുൻ വർഷങ്ങളിൽ മാർച്ച് മാസത്തോടെയാണ് വേമ്പനാട്ട് കായലിൽ ജലനിരപ്പ് 30 സെന്റിമീറ്ററോളം താഴുക. ഉപ്പുവെള്ളത്തിന്റെ കടന്നു കയറ്റം കൃഷിയെയും ശുദ്ധജല പദ്ധതികളെയും ബാധിക്കും. ഇക്കുറി കുട്ടനാടിന്റെ പല ഭാഗത്തും കൃഷി വൈകിയാണ് ആരംഭിച്ചത്. നെൽക്കൃഷി കതിർ വന്നിരിക്കുന്ന സമയമാണിത്. ഉപ്പുവെെളളം കയറിയതോടെ ദേശീയജലപാതയിലെയും തോടുകളിലെയും പോളയും പായലും അഴുകുന്നുണ്ട് . ഇത് മൂലം വെള്ളത്തിനു നിറമാറ്റവും ദുർഗന്ധവുമുണ്ട്. വെള്ളം ക്രമാതീതമായി താഴുന്നതും ഓര് ഭീഷണിയും കരിമീൻ കൃഷിയെ ബാധിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും മീനുകൾ ചത്ത് പൊങ്ങുന്നുണ്ട്. തണ്ണീർമുക്കത്ത് വേമ്പനാട്ട് കായലിൽ വേലയേറ്റം ശക്തമാകുമ്പോൾ ബണ്ടിന്റെ വടക്കൻ പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുകയും തീരദേശത്തെ വീടുകളുടെ മുറ്റത്ത് വെള്ളം കയറുകയും ചെയ്യുന്നുണ്ട്.
കുട്ടനാട്ടിൽ നെഞ്ചിടിപ്പേറി കർഷകർ
കുട്ടനാട്ടിൽ നദിയിലും തോടുകളിലും വെള്ളം താഴ്ന്നു തുടങ്ങിയതു കർഷകർ ആശങ്കയിലാണ്. ഏപ്രിൽ -മേയ് വരെ നീളുന്ന കൊയ്ത്തു കാലം വരെ വെള്ളമുണ്ടാകുമോയെന്ന സംശയത്തിലാണ് കർഷകർ. വേനൽ മഴ ഫെബ്രുവരി ആദ്യവാരത്തോടെ എത്തുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് മാത്രമാണ് നിലവിലെ ആശ്വാസം. എന്നാൽ അത് കഴിഞ്ഞ് കടുത്ത വേനൽ ആയിരിക്കുമെന്ന വിദഗ് ദ്ധർ പറയുന്നു. ജലനിരപ്പ് താഴ്ന്ന ജലാശയങ്ങളിൽ ഓരു വെള്ളം കയറിയാൽ നെൽച്ചെടികൾ കരിയും.
ചേർത്തല മേഖലയേയും ബാധിച്ചു
പൂച്ചാക്കലിൽ കായലോരത്ത് അര കലോമീറ്ററോളം അകലെ വരെ ഭൂജലത്തിൽ ഉപ്പുവെള്ളം കലരുന്നുണ്ടെന്നു ഭൂജല വകുപ്പിന്റെ പരശോധനയിൽ കണ്ടെത്തിയിരുന്നു. ചേർത്തലയ്ക്ക് തെക്കുള്ള മണൽ നിറഞ്ഞ പ്രദേശങ്ങളിൽ ഓരുവെള്ളം വളരെ വേഗത്തിൽ കരപ്രദേശങ്ങളിൽ വ്യാപിക്കുന്നു. കഴിഞ്ഞ വർഷത്തെ പ്രളയത്തിനുശേഷം വേമ്പനാട് കായലിൽ പല പ്രദേശങ്ങളിലും എക്കൽ അടിഞ്ഞിരുന്നു. പാണാവള്ളി, അരൂക്കുറ്റി, തൈക്കാട്ടുശേരി തുടങ്ങിയ പഞ്ചായത്തുകളിൽ പല പ്രദേശങ്ങളിലും ഇപ്പോൾ കായൽ തീരപ്രദേശങ്ങളിൽ നിന്ന് 50 മീറ്റർ മുതൽ 100 മീറ്റർ വരെ ജലം ഉൾവലിയുന്നുണ്ട്. തുറവൂർ, പട്ടണക്കാട്, കടക്കരപ്പള്ളി പഞ്ചായത്ത് പരിധിയിലാണ് ഏറ്റവും കൂടുതൽ പച്ചക്കറി കൃഷിയുള്ളത്. പൊഴിച്ചാലിലൂടെ ഉപ്പുവെള്ളം കയറിയതിനാൽ കൃഷി നശിച്ചെന്നു കർഷകരുടെ പരാതി.
30
കടലിലേതിനേക്കാൾ വേമ്പനാട്ടു കായലിലെ
ജലനിരപ്പ് 30 സെന്റിമീറ്ററോളം താഴ്ന്നു
........
വേമ്പനാട്ടു കായലിലേക്ക് ഒഴുകിയെത്തുന്ന മീനച്ചിൽ, മണിമല, പമ്പ, അച്ചൻ കോവിൽ നദികളിൽ നിന്നുള്ള നീരൊഴുക്ക് കുറഞ്ഞു. കഴിഞ്ഞ വർഷം ഫെബ്രുവരി അവസാനവാരം ഉണ്ടായിരുന്ന ജലനിരപ്പാണ് ഇപ്പോഴുള്ളത്. വേനൽ കടുത്താൽ വെള്ളത്തിന്റെ അളവ് ക്രമാതീതമായി കുറയും.
ഡോ. കെ.ജി. പദ്മകുമാർ,കായൽ നില ഗവേഷണ കേന്ദ്രം ഡയറക്ടർ