ആലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം ദേശീയ അംഗീകാരത്തിന്റെ നിറവിൽ. നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരമാണ് മത്സ്യ-കർഷക-കയർ തൊഴിലാളികൾ പാർക്കുന്ന തീരദേശ ഗ്രാമമായ പുന്നപ്രയിലെ ആരോഗ്യകേന്ദ്രത്തിന് ലഭിച്ചത്.
രോഗീപരിചരണം, ലാബ്-ഒ.പി സംവിധാനവും പ്രവർത്തനവും, ജനറൽ അഡ്മിനിസ്ട്രേഷൻ തുടങ്ങിയവ പരിഗണിച്ചാണ് അംഗീകാരം . പുന്നപ്ര മാർക്കറ്റ് ജംഗ്ഷനു സമീപം സബ് സെന്ററായി പ്രവർത്തനമാരംഭിച്ച ആരോഗ്യകേന്ദ്രം 2013ൽ പ്രാഥമികാരോഗ്യ കേന്ദ്രമായി വാടയ്ക്കലിനു സമീപം പ്രവർത്തനമാരംഭിച്ചു. 2017ലാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയത്. ആർദ്രം പദ്ധതി ആരംഭിച്ചതോടെ ഇവിടെ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായി. ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തിൽ മൂന്ന് ഡോക്ടർമാർ, നാല് നഴ്സുമാർ, ഒരു നഴ്സിംഗ് അസിസ്റ്റന്റ്, രണ്ട് ഫാർമസിസ്റ്റുകൾ, ലാബ് ടെക്നിഷ്യൻ, ഗ്രേഡ് രണ്ട് അറ്റൻഡർ, പാർട്ട് ടൈം സ്വീപ്പർ, ക്ലാർക്ക്, ഓഫീസ് അസിസ്റ്റന്റ്, മൂന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (ജെഎച്ച്ഐ), അഞ്ച് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്(ജെ.പി.എച്ച്.എൻ), പാലിയേറ്റീവ് നഴ്സ്, സ്‌കൂൾ ഹെൽത്ത് നഴ്സ് എന്നിവരുടെ സേവനമുണ്ട്.
സൗകര്യങ്ങൾ
വിഷാദ രോഗ നിർണയത്തിനായി എല്ലാ മാസത്തിലും അവസാന ചൊവ്വാഴ്ച ആശ്വാസ് ക്ലിനിക്ക് പ്രവർത്തിക്കുന്നു
മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി മാസത്തിൽ ഒരു ദിവസം സമ്പൂർണ മാനസികാരോഗ്യ ക്ലിനിക്
ശ്വാസകോശ സംബന്ധമായ രോഗ നിർണയത്തിനായി ശ്വാസ് ക്ലിനിക്കിൽ സ്പൈറോമെട്രിയുടെ സൗകര്യം ഒരുക്കി
രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ ലാബ് സൗകര്യം
''ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും കാര്യക്ഷമമായ പ്രവർത്തനമാണ് അംഗീകാര നേട്ടത്തിനു പിന്നിൽ
സുവർണ പ്രതാപൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
'' ദിവസവും കുറഞ്ഞത് 200 രോഗികൾ ഇവിടെ പരിശോധനയ്ക്കായി എത്തുന്നുണ്ട്. പരിശോധനയിലൂടെ ജീവിത ശൈലി രോഗങ്ങൾ ബാധിച്ചവരെയും കണ്ടെത്തുന്നു.
ഡോ.ആർ രതീഷ്
മെഡിക്കൽ ഓഫീസർ