ആലപ്പുഴ : കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ബഡ്ജറ്റിൽ ചെറുകിട,ഇടത്തരം വ്യാപാര മേഖലയ്ക്ക് ആശ്വാസകരമായ പദ്ധതികൾ ഒന്നുമില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു .

ജി.എസ്.ടി നിയമവുമായി ബന്ധപ്പെട്ട് വ്യാപാരികൾ അനുഭവിച്ചു വരുന്ന വിഷയങ്ങളെ സംബന്ധിച്ച് യാതൊരു പരാമർശവും ബഡ്ജറ്റ് പ്രസംഗത്തിലില്ല. ജി.എസ്.ടി പോർട്ടലിലെ തകരാറുകളെ സംബന്ധിച്ചോ, 2017-18, 2018-19 സാമ്പത്തിക വർഷങ്ങളിലെ റിട്ടേണുകൾ സമർപ്പിക്കുന്നതിലെ കാലതാമസം നിമിത്തം രജിസ്റ്റേഡ് വ്യാപാരികൾ വഹിക്കേണ്ടി വരുന്ന ഭീമമായ പിഴ, ലേറ്റ് ഫീസ് എന്നിവ ഒഴിവാക്കുന്നതിനോ ലഘൂകരിക്കുന്നതിനോ ഉള്ള മാർഗ്ഗങ്ങളെ സംബന്ധിച്ചോ ഒരു നിർദ്ദേശവും ഇല്ല. 5 ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർക്ക് ചില ആനുകൂല്യങ്ങൾ നൽകുകയുണ്ടായി. 5 കോടി രൂപ വരെ വാർഷിക വിറ്റുവരവുള്ളവരുടെ ആഡിറ്റ് ഒഴിവാക്കും എന്നറിയിച്ചപ്പോൾ തന്നെ, ഈ വിഭാഗത്തിൽപ്പെടുന്നവർ ക്യാഷ് ഇടപാടുകൾ 5 ശതമാനമായി നിജപ്പെടുത്തണം എന്ന നിബന്ധന ഉൾപ്പെടുത്തി. ഇതോെടെ ഈ നിർദ്ദേശം നിമിത്തം ചെറുകിട-ഇടത്തരം വ്യാപാരികൾക്ക് പ്രത്യേക പ്രയോജനം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.