flavor-

ആലപ്പുഴ: വിദ്യാർത്ഥികളെയും ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് എത്തിക്കുന്ന, മാരക ലഹരിയുള്ളതും ഫ്ളേവർ ചേർത്തതുമായ സിഗററ്റുകൾ വിപണി കീഴടക്കുന്നു. കഴിഞ്ഞ ദിവസം എക്സൈസ് സംഘം ജില്ലയിലെ മുഴുവൻ സി.ഐമാരുടെയും നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ സിഗരറ്റുകൾ പിടിച്ചെടുത്തു. ആലപ്പുഴ നഗരത്തിലും ബീച്ചിലും നടത്തിയ പരിശോധനയിൽ 5000ത്തോളം വിവിധ ഇനത്തിലുള്ള സിഗററ്റുകൾ കടകളിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ചെങ്ങന്നൂർ, ഹരിപ്പാട്, കുട്ടനാട്, കായംകളം, ചേർത്തല, മാവേലിക്കര മേഖലകളിലായിരുന്നു പരിശോധന.

സിഗററ്റുകൾക്ക് ഇപ്പോൾ മാർക്കറ്റിൽ വൻ പ്രിയമാണ്. മുന്തിരി മുതൽ സാമ്പാർ രുചികളിൽ വരെ ഇവ ലഭ്യം. വലിച്ചാൽ പുകയില ഗന്ധം പുറത്തറിയാത്തതിനാൽ ഫ്ളേവറുകൾ ചേർത്ത് നിർമ്മിച്ചിട്ടുള്ള ഇത്തരം സിഗററ്റുകളെയാണ് വിദ്യാർത്ഥികൾ ആശ്രയിക്കുന്നത്. പാൻമസാലകൾക്ക് വിടനൽകി വിദ്യാർത്ഥികൾ സിഗററ്റുകൾക്കായി മത്സരിക്കുകയാണെന്ന് എക്സൈസ് അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്.

പുകയില ഉത്പന്നങ്ങളുടെ വിപണിയിലുണ്ടായ വൻ ഇടിവിനെ തുടർന്ന് പുകയില വ്യാപാരികൾ തന്നെ നടത്തിയ അന്വേഷണത്തിലാണ് വ്യാജ സിഗരറ്റ് വിവരം ശ്രദ്ധയിൽപ്പെട്ടത്. ആഗോള വിപണി കൈയടക്കിയ ബ്രാൻഡുകളുടെ പേരുകളാണ് വ്യാജ സിഗററ്റുകൾ പിപണിയിലുള്ളത്. അതിസൂക്ഷ്മ പരിശോധനയിലേ ഇവ കണ്ടെത്താനുമാകൂ.

ആരോഗ്യ നിർദേശങ്ങളോ പുകയില ഉപയോഗത്തിലെ ഭീകരതയോ ഈ സിഗററ്റുകളുടെ പാക്കറ്റുകൾക്ക് മേൽ പതിച്ചിട്ടില്ല. സാധാരണ സിഗററ്റിന് അമ്പതു പൈസ ലാഭം ലഭിക്കുമ്പോൽ വ്യാജന് ലഭിക്കുന്നത് അഞ്ചു മുതൽ എട്ടുവരെ രൂപയാണ്. ഒരു സിഗററ്റിന് 15 രൂപ നിരക്കിലാണ് വില്പന. നികുതിയോ സെസോ നൽകാതെ കടൽ കടന്നെത്തുന്ന സിഗററ്റുകൾ വിറ്റഴിക്കപ്പെടുമ്പോൾ പ്രതിമാസം ഇതുവഴി സർക്കാരിന് നഷ്ടമാകുന്നത് കോടികളാണ്.

 നീതിയില്ലാത്ത നികുതി

സംസ്ഥാനത്ത് 1000 കോടി രൂപയാണ് നികുതി ഇനത്തിൽ പുകയില വ്യാപാരികൾ പ്രതിവർഷം ഖജനാവിലേക്ക് അടയ്ക്കുന്നത്. 130 ശതമാനം നികുതി ഈടാക്കുന്ന സിഗരറ്റ് ഉല്പന്നങ്ങൾക്ക് നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വാങ്ങിയെടുക്കുന്ന നികുതിയുടെ ഒരു ശതമാനം പോലും ഈ മേഖലയിൽ ചെലവിടുന്നില്ല. 30 ശതമാനം നികുതിയും അഞ്ചുശതമാനം സെസും വിവിധ ഇനങ്ങളിലായി 90 ശതമാനം ആഡംബര നികുതികളും ഏർപ്പെടുത്തിയിട്ടുളള സിഗററ്റ് വ്യാപാരത്തിൽ സെസ് വാങ്ങുന്നത് ആരോഗ്യ ബോധവത്കരണത്തിനാണ്.

 എത്തുന്നത് കാർമാർഗം

ടൂറിസ്റ്റ് കാറുകളിലും മറ്റുമായി മാർക്കറ്റിലെത്തിക്കുന്ന സിഗററ്റുകൾ വില്പന നടത്തുന്നതും യുവാക്കൾ തന്നെ പ്രധാനമായും ശ്രീലങ്കവഴി തമിഴ്നാട്ടിലെത്തുന്ന വ്യാജ സിഗററ്റുകൾ കിഴക്കൻ ജില്ലകൾ വഴിയാണ് സംസ്ഥാനത്തെത്തുന്നത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ വ്യാപകമായുള്ള വ്യാജ സിഗററ്റുകൾ ഇപ്പോൾ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ആലപ്പുഴ, കൊച്ചി, തിരുവനന്തപുരം ജില്ലകളിലേക്കും എത്തുന്നുണ്ട്.

......................................

'വരും ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ എക്സൈസ് സി.ഐമാരുടെയും നേതൃത്വത്തിൽ വ്യാജസിഗററ്റ് കണ്ടെത്താനുള്ള പരിശോധന തുടരും'

എക്സൈസ് അധികൃതർ, ആലപ്പുഴ