ആലപ്പുഴ : സ്വർണമാല മോഷ്ടിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ നിരപരാധിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.

ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത പൊലീസ്ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി ജില്ലാ പൊലീസ് മേധാവി 30 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ആവശ്യപ്പെട്ടു. കായംകുളത്തെ സ്വകാര്യ സ്‌കൂളിൽ ഡ്രൈവറായ മാവേലിക്കര സ്വദേശി രമേഷ് കുമാറിനെയാണ് മാല നഷ്ടപ്പെട്ട സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത് 47 ദിവസം ജയിലിൽ അടച്ചത്. യഥാർത്ഥ പ്രതി താനാണ് മാല മോഷ്ടിച്ചതെന്ന് വെളിപ്പെടുത്തിയതോടെയാണ് രമേഷ് കുമാറിന്റെ നിരപരാധിത്വം വാർത്തയായത്. പത്ര വാ‌‌ർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.