അപകടം നന്നലെ പുലർച്ചെ എ.സി റോഡിൽ തെക്കേക്കരയിൽ
കുട്ടനാട് :നിയന്ത്രണം വിട്ട ലോറി റോഡരികിലെ വീട്ടിലേക്ക് ഇടിച്ചു കയറി,വീടിനുള്ളിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തൊട്ടടുത്ത മുറിയിൽ ഉറങ്ങിക്കിടന്ന മരുമകളും ചെറുമക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു. ചമ്പക്കുളം പഞ്ചായത്ത് മങ്കൊമ്പ് തെക്കേകര പതിനെട്ടിൽചിറ പരേതനായ പുഷ്ക്കരന്റെ ഭാര്യ രാജമ്മയാണ് (68) മരിച്ചത്.
എ.സി റോഡിൽ മങ്കൊമ്പ് തെക്കേക്കര കെ.എസ്.എഫ്. ഇ ഓഫീസിന് സമീപം ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. റോഡരികിലെ വൈദ്യുതി പോസ്റ്റ് തകർത്തശേഷമാണ് ലോറി രാജമ്മയുടെ വീട്ടിലേക്ക് ഇടിച്ചു കയറിയത്. വീടിന്റെ റോഡിനോടു ചേർന്നുള്ള ഭാഗത്തെ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന രാജമ്മയുടെ തലയിലേക്ക് ഭിത്തിയും കട്ടളയും അടർന്നു വീഴുകയായിരുന്നു. അടുത്ത മുറിയിലുറങ്ങുകയായിരുന്ന മരുമകൾ ബിന്ദു(39), മക്കളായ ഐശ്വര്യ(10),അനശ്വര (8) എന്നിവർ അപകടത്തിന്റെ ശബ്ദം കേട്ടുണർന്ന് പുറത്തേക്ക് ഓടിയിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. . സംഭവം അറിഞ്ഞ് പാഞ്ഞെത്തിയ ഹൈവേ പോലീസ് വീടിനുള്ളിൽ അവശിഷ്ടങ്ങൾക്കിടയിൽ തലയ്ക്ക് പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന രാജമ്മയെ പുറത്തെടുത്ത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന്റെ ഒരു വശത്തെ ഭിത്തി പൂർണമായി തകർന്നു. ലോറിയുടെ ഡ്രൈവറും ക്ളീനറും സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. ഇവർ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
തകർന്ന പോസ്റ്റിലെ വൈദ്യുതി കമ്പി പൊട്ടി റോഡിലേക്ക് വീണത് അപകടസാദ്ധ്യതയുണ്ടാക്കി. . സംഭവംഅറിഞ്ഞ് എത്തിയ ഹൈവേ പൊലീസും പുളിങ്കുന്ന് പൊലീസും റോഡിന്റെ ഇരുവശങ്ങളിൽ നിന്നുമുള്ള വാഹനങ്ങൾ തടഞ്ഞുനിറുത്തി അപകടം ഒഴിവാക്കി. ഇതേത്തുടർന്ന് റോഡിൽ വളരെ നേരം ഗതാഗതം തടസപ്പെട്ടു.. നിരവധി ചാക്കുകെട്ടുകളുമായി വന്ന മലപ്പുറം രജിസ്‌ട്രേഷനിലുള്ള ലോറി നെല്ല് കയറ്റുന്നതിനായി കുട്ടനാട്ടിൽ എത്തിയതാവാമെന്നാണ് കരുതുന്നത്.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. പുളിങ്കുന്ന് പൊലീസ് കേസെടുത്തു.
രാജമ്മയുടെ മക്കൾ : ഷാജി, ബിജു, പരേതനായ അജികുമാർ. മരുമക്കൾ : ബിന്ദു, ബിന്ദു. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന്.
.