ആലപ്പുഴ: കൊറോണ വൈറസ് ബാധിച്ച് തൃശൂരിൽ ചികിത്സയിലുള്ള വിദ്യാർത്ഥിനിക്കൊപ്പം ചൈനയിൽ നിന്ന് വിമാനത്തിൽ നാട്ടിലെത്തി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിതിൽ നിരീക്ഷണത്തിൽ കഴിയുന്ന രണ്ടു മെഡിക്കൽ വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. വൈറസ് ബാധ സംശയത്തെത്തുടർന്നാണ് ഇരുവരെയും 30ന് ആലപ്പുഴ മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരിലൊരാളുടെ രക്ഷാകർത്താക്കളെ ആലപ്പുഴ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു ഇവരുടെയും ആരോഗ്യനിലയിൽ ആശങ്കയില്ല. ആശുപത്രികളിൽ കഴിയുന്നവരിൽ നിന്ന് രക്ത സാമ്പിളുകൾ കഴിഞ്ഞ ദിവസം ശേഖരിച്ച് പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചിരുന്നു . ഇതിന്റെ ഫലം കാത്തിരിക്കുകയാണ് ആശുപത്രി അധികൃതർ.
ആരോഗ്യവകുപ്പിന്റെ മുൻകരുതൽ
കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ നിരീക്ഷണത്തിൽ വയ്ക്കുന്നതിനും മുൻകരുതലും നിർദേശങ്ങളും നൽകുന്നതിനും ആവശ്യമായ നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിച്ചു.
ചൈനയിൽ നിന്നും തിരിച്ചെത്തിയവരിലോ അവരുമായി അടുത്ത സമ്പർക്കം പുലർത്തുന്നവരിലോ ചുമ, പനി, ശ്വാസതടസ്സം എന്നിവ നേരിടുന്നവരെ മാത്രം സൂക്ഷ്മ പരിശോധന നടത്തിയാൽ മതി. ആവശ്യമുള്ളവർ 0477 2969090 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങൾ നൽകും.
'വൈറസ്' ബോധവത്കരണ ശില്പശാല
വൈറസ് ബോധവത്ക്കരണ ശില്പശാല നാളെ രാവിലെ 10ന് റെയ്ബാൻ ആഡിറ്റോറയത്തിൽ നടത്തുവാൻ സർവ്വകക്ഷി യോഗം തീരുമാനിച്ചതായി നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അറിയിച്ചു. നഗരസഭാ കൗൺസിലർമാർ , ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ , പ്രഥമാദ്ധ്യാപകർ, ഹെൽത്ത് ഉദ്യോഗസ്ഥർ, അംഗൻവാടി ടീച്ചർമാർ എന്നിവരെ പങ്കെടുപ്പിക്കും. വൈസ് ചെയർപേഴ്‌സൺ സി.ജ്യോതിമോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ, മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് ഷാഫി, വി.എൻ.വിജയകുമാർ, സി.വി.മനോജ്കുമാർ, എ.എം.നൗഫൽ, ആർ.ഹരി, റെമീഷത്ത് എന്നിവർ സംസാരിച്ചു.