തുറവൂർ: ഒരു കുഗ്രാമത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളെ ടാക്സിന്റെയും കണക്കുകളുടെയും ലോകത്തേയ്ക്ക് കൈപിടിച്ചുയർത്തിയ ടാക്സ് പ്രാക്ടീഷണർമാരുടെ കുലപതിയെന്ന് വിശേഷിപ്പിക്കാവുന്ന വത്സൻ സാർ ഇനി ഓർമ.
ഇന്നലെ ഉച്ചയ്ക്ക് തുറവൂരിലെ തുറവൂർ നടീപ്പറമ്പിൽ വീട്ടുവളപ്പിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം എരിഞ്ഞടങ്ങിയപ്പോൾ സ്നേഹാദരങ്ങളുമായി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ അന്ത്യാഞ്ജലിയർപ്പിക്കാനെത്തി.
1974ൽ വത്സൻ സർ സി. എ പരീക്ഷ പാസാകുമ്പോൾ ചേർത്തല താലൂക്കിലെ ആദ്യ ചാർട്ടേഡ് ആയിരുന്നു അദ്ദേഹം. തുടർന്ന് ഒരു ചാർട്ടേഡ് അക്കൗണ്ടന്റായി തന്റെ മേഖലയിൽ തിളങ്ങിയ അദ്ദേഹം എറണാകുളം തേവരയിലേയ്ക്ക് താമസം മാറി. എന്നാൽ അദ്ദേഹം നഗരത്തിലെ ഔദ്യോഗിക തിരക്കുകളിൽ ഒതുങ്ങിയില്ല. 1987ൽ തുറവൂരിലെ ചാവടിയിൽ വത്സൻ കോളേജ് സ്ഥാപിച്ചു. പിതാവിന്റെ സ്മരണയ്ക്കായി സ്ഥാപിച്ച ഈ സ്ഥാപനത്തിലൂടെ ബി. കോം, എം.കോം, സി. എ കോഴ്സുകൾക്ക് പരിശീലനം നൽകി. ബി.കോം ബിരുദം ഒരു സാധാരണ ബിരുദമല്ലെന്നും ടാക്സ് പ്രാക്ടീസിംഗിന്റെ ഉയർന്ന ജോലി സാദ്ധ്യതകളിലേയ്ക്ക് അതിലൂടെ വഴിതുറക്കാമെന്നും അദ്ദേഹം പഠിപ്പിച്ചു. ചാവടി, കടലോര ഗ്രാമമായ പള്ളിത്തോട് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് അറിവിന്റെ വേറിട്ട ഒരു ലോകം ഇതിലൂടെ അദ്ദേഹം കാണിച്ചുകൊടുക്കുകയായിരുന്നു. നിരവധി പേരാണ് ഇവിടെ പരിശീലനം നേടി ചാർട്ടേഡ് അക്കൗണ്ടന്റുമാരായത്. ടാക്സ് പ്രാക്ടീസിംഗ് പ്രൊഫഷനാക്കി മാറ്റിയവർ അതിലുമെത്രയോ ഇരട്ടി വരും. ബിരുദമെടുത്ത ശേഷം തൊഴിലില്ലാത്ത അവസ്ഥ അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്ക് ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ ഓർക്കുന്നു.
പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലുമാണ് ഇവിടെ പരിശീലനം നൽകിയിരുന്നത്.
കണക്കുകൾക്കിടയിൽ സാഹിത്യരചനയും
ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഇതിനൊപ്പം അദ്ദേഹം സജീവമായിരുന്നു. തൊഴിൽ രംഗത്തെ തിരക്കുകൾക്കിടയിൽ സാഹിത്യരചനയിൽ താൽപര്യം കണ്ടെത്തിയ അദ്ദേഹം മികച്ച ഒരു പ്രാസംഗികനുമായിരുന്നു. ഗാന്ധിജിയുടെ ആദർശങ്ങളിൽ ആകൃഷ്ടനായിരുന്ന അദ്ദേഹം വഞ്ചിപ്പാട്ടു രൂപത്തിൽ മഹാത്മ ഗാന്ധിയുടെ ജീവചരിത്രം രചിച്ചു.
മദർ തേരേസയുടെ ജീവചരിത്രവും വഞ്ചിപ്പാട്ട് രൂപത്തിൽ രചിച്ചു. ധാരാളം കവിതകളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദായ നികുതിയുമായി ബന്ധപ്പെട്ട് ഗ്രന്ഥഥരചനയിലും സജീവമായിരുന്ന വത്സൻസാർ, ആത്മകഥയും പൂർത്തിയാക്കിയിരുന്നു.
കേരളത്തിലെ ടാക്സ് പ്രാക്ടീഷണർമാരെ ഒരു കുടക്കീഴിൽ അണിനിരത്തി അദ്ദേഹം സ്ഥാപിച്ച സംഘടനയുടെ സ്ഥാപക പ്രസിഡന്റുമാണ്. ഇന്ന് 7500ൽ അധികം അംഗങ്ങൾ സംഘടനയിൽ സജീവമായുണ്ട്.