ആലപ്പുഴ: അന്തരിച്ച തോമസ് ചാണ്ടി എം.എൽ.എയുടെ കുടുംബത്തിലെ അംഗത്തിന് കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നൽകണമെന്ന് എൻ.സി.പി ജില്ലാ നേതൃയോഗത്തിൽ അഭിപ്രായം. പാർട്ടി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ ഭാരവാഹികൾക്ക് പുറമെ നിയോജക മണ്ഡലം, ബ്ളോക്ക് തല ഭാരവാഹികളാണ് പങ്കെടുത്തത്.
ഉച്ചയ്ക്ക് ശേഷം ചേർന്ന കുട്ടനാട് നിയോജക മണ്ഡലം ഭാരവാഹികളുടെ യോഗത്തിൽ തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ.തോമസിനെ സ്ഥാനാർത്ഥിയാക്കണമെന്നും അഭിപ്രായമുണ്ടായതായി അറിയുന്നു. രാവിലെ റെയ്ബാൻ ആഡിറ്റോറിയത്തിൽ ചേർന്ന യോഗം പാർട്ടി സംസ്ഥാന പ്രസിഡന്റ് ടി.എൻ.പീതാംബരൻ ഉദ്ഘാടനം ചെയ്തു. തോമസ് ചാണ്ടിക്ക് നൽകാവുന്ന ഏറ്റവും വലിയ ആദരവ് കുട്ടനാട് സീറ്റിൽ എൻ.സി.പി സ്ഥാനാർത്ഥിയെ ജയിപ്പിക്കുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അതിന് നിയോജക മണ്ഡലത്തെ സജ്ജമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ മത്സരിച്ചത് 40 സീറ്റുകളിലാണ്. ഇത്തവണ കൂടുതൽ സീറ്റുകളിൽ ജയിക്കാനുള്ള ശ്രമം ഉണ്ടാവണം.ഘടക കക്ഷികൾ മത്സരിക്കുന്നിടത്ത് അവരെ പരമാവധി സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാണി സി.കാപ്പൻ എം.എൽ.എ, സംസ്ഥാന വൈസ് പ്രസിഡന്റ് രാജൻ, തോമസ് കെ.തോമസ്, സുൾഫിക്കർ മയൂരി, പി.കെ.മുരളീധരൻ, സലിം പി.മാത്യു തുടങ്ങിയവർ പങ്കെടുത്തു.