ചേർത്തല: എക്സൈസ് നടത്തിയ റെയ്ഡിൽ കഞ്ചാവും വാറ്റുചാരയം കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കളത്തിൽ ശരത് ചന്ദ്രൻ (29),തണ്ണീർമുക്കം കണ്ണങ്കര പുത്തുക്കേരി വീട്ടിൽ വിയാസ് (25) എന്നിവർ പിടിയിലായി. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.
ഒരു ലിറ്ററിലധികം വാറ്റ് ചാരായവും 175 ഗ്രാം കഞ്ചാവും ശരത്ചന്ദ്രന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തു. വിയാസിന്റെ വീടിന് സമീപത്തെ ഷെഡിൽ നിന്നാണ് കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടിയത്. ചേർത്തല എക്സൈസ് സി.ഐ വേണുക്കുട്ടൻ പിള്ള, എസ്.ഐ എസ്.ബിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇരുവരേയും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.