ചേർത്തല: വിവാഹ സത്കാരത്തിനുള്ള വിഭവങ്ങൾ തയ്യാറാക്കുന്നതിനിടെ പാചകവാതക സിലിണ്ടറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞ് അഗ്നിശമന സേന വേഗമെത്തി തീ അണച്ചതിനാൽ ദുരന്തം ഒഴിവായി.
ചേർത്തല തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ അറവുകാട് പൊന്നേക്കാട്ട് അശോകന്റെ വീട്ടിലെ സിലിണ്ടറിലാണ് ഇന്നലെ രാത്രി ഏഴരയോടെ തീ പടർന്നത്. ബുധനാഴ്ച നടത്തേണ്ട വിവാഹ സത്കാരത്തിനായി വിഭവങ്ങൾ തയ്യാറാക്കുകയായിരുന്നു. തീ പിടിച്ച സിലിണ്ടറിന് സമീപം നാല് സിലിണ്ടർ കൂടി ഉണ്ടായിരുന്നു. ചേർത്തല ഫയർഫോഴ്സ് യൂണിറ്റ് സീനിയർ ഫയർ ഓഫീസർ ജയന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ മിഥുൻ, ജയേഷ്, വിപിൻ, പുരുഷൻ എന്നിവർ പങ്കെടുത്തു.