ആലപ്പുഴ: ബിവറേജസ് കോർപറേഷനിൽ സ്റ്റാഫ് പാറ്രേൺ നടപ്പാക്കാനുള്ള ഫയലിൽ സർക്കാർ തീരുമാനം നീളുന്നത് കമ്പ്യൂട്ടർ പ്രോഗ്രാമർ കം ഓപ്പറേറ്റർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളെ ആശങ്കയിലാക്കുന്നു. റാങ്ക് ലിസ്റ്രിൽ 80 പേരുണ്ട്. ഭൂരിപക്ഷവും 40 വയസ് പിന്നിട്ടതിനാൽ ഇനി ഒരു പി.എസ്.സി പരീക്ഷ എഴുതാൻ അവസരമില്ല. കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൽ ബിരുദ-ബിരുദാനന്തര യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവരാണ് കാത്തിരിപ്പുകാർ.

ഏപ്രിലിൽ ബെവ്കോയിൽ സമ്പൂർണ കമ്പ്യൂട്ടർവത്കരണം നടത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മറ്റ് തസ്തികകൾക്ക് ആനുപാതികമായി കമ്പ്യൂട്ടർ പ്രോഗ്രാമർമാരുടെ കൂടുതൽ തസ്തിക സ്റ്റാഫ് പാറ്റേണിൽ ഉൾപ്പെട്ടാൽ റാങ്ക് പട്ടികയിലുള്ളവർക്ക് ജോലി ലഭിക്കും.

2014-ൽ ഈ തസ്തികയിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പുറത്തുവന്നത് 2019 ജൂലായ് ഏഴിനാണ്. 118 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. 2012ന് മുമ്പ് ഈ തസ്തികയിൽ 75 ഒഴിവുണ്ടായിരുന്നെങ്കിലും മതിയായ യോഗ്യതയുള്ളവരില്ലാത്തതിനാൽ അന്നത്തെ റാങ്ക് ലിസ്റ്റിലെ 37 പേർക്കേ നിയമനം കിട്ടിയുള്ളൂ. ബാക്കിയുള്ള 38 പേരെ ഇപ്പോഴത്തെ ലിസ്റ്റിൽ നിന്ന് നിയമിച്ചു. ബാക്കിയുള്ളവർക്ക് ജോലി കിട്ടണമെങ്കിൽ സ്റ്റാഫ് പാറ്രേൺ നടപ്പാക്കി ഒഴിവുകൾ റിപ്പോർട്ട് ചെയ്യണം.

സാദ്ധ്യത

 ബെവ്കോയ്ക്ക് 270 വില്പനശാലകൾ, 23 വെയർഹൗസ്, 6 റീജിയണൽ ഓഫീസ്, ഹെഡ് ഓഫീസ്

 ഇവ ഒറ്റ കമ്പ്യൂട്ടർ ശൃംഖലയിലേക്ക് വരുമ്പോൾ കൂടുതൽ പ്രോഗ്രാമർമാർ വേണ്ടിവരും

''സ്റ്റാഫ് പാറ്റേൺ സംബന്ധിച്ച് ബെവ്കോ നേരത്തെ നൽകിയ റിപ്പോർട്ട് വിശദാംശങ്ങൾ തേടി സർക്കാർ തിരിച്ചയച്ചു. വേണ്ട വിവരങ്ങൾ ചേർത്ത് വീണ്ടും സമർപ്പിച്ചു. ഫയലിന്റെ നടപടികൾ അവസാന ഘട്ടത്തിലാണെന്നാണ് അറിയാൻ കഴിഞ്ഞത്.

-

ജി.സ്പർജൻകുമാർ,

ബെവ്കോ എം.ഡി