ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്തിൽ ശുചിത്വ സന്ദേശങ്ങൾ മുഴുവൻ കുടുംബങ്ങളിലും എത്തിക്കുന്നതിന് ശുചിത്വമിഷൻ ,ഹരിത കേരള മിഷൻ എന്നിവയുടെ സഹായത്തോടെ ഒരു മാസം നീണ്ടു നിൽക്കുന്ന 'ഹരിതോത്സവം' ശുചിത്വ ക്യാമ്പയിന് തുടക്കം കുറിച്ചു. സ്ഥാപനങ്ങൾ, സ്‌കൂളുകൾ, വീടുകൾ എന്നിവിടങ്ങളിൽ ഹരിത പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനും പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം ബ്ലോക്ക് പ്രദേശത്ത് പൂർണമായും നിർത്തലാക്കുന്നതിനുമായാണ് ക്യാമ്പയിൻ .
ശുചിത്വ സംഗമങ്ങൾ, ബ്ലോക്ക് പ്രദേശത്തെ സ്‌കുളുകളിലുടെ മയിൽപ്പീലിക്കൂട്ടം കുട്ടികളുടെ ശുചിത്വ നാടകയാത്ര, സ്റ്റുഡന്റ്‌സ് സാനിട്ടേഷൻ കേഡറ്റ് പദ്ധതി ഉദ്ഘാടനം, സ്‌കൂൾ ശുചിത്വ അസംബ്ലി ,ബ്ലോക്ക് പ്രദേശത്തെ സ്‌കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ ശുചിത്വ നിലവാരം പരിശോധിച്ച് റാങ്കിംഗ് നടത്തി മികച്ച സ്ഥാപനങ്ങൾക്ക് അവാർഡ് നൽകുക, തുണി സഞ്ചി വിതരണം ,പേപ്പർ ക്യാരി ബാഗ് നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം, ജൈവകൃഷി ഗ്രൂപ്പുകൾക്ക് സഹായം, ഹരിതം സമ്പുർണ്ണകിണർ റീച്ചാർജ്ജിംഗ് പദ്ധതി, 80 വാർഡുകളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നയിക്കുന്ന ശുചിത്വ സന്ദേശ ജാഥ, ബ്ലോക്ക് തല ഹരിത സംഗമം തുടങ്ങിയവ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും.
20 ലക്ഷം രൂപ ചെലവഴിച്ച്ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വിവിധ കേന്ദ്രങ്ങളിൽ നിർമ്മിച്ച ജൈവ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങൾ തുറന്ന് കൊടുത്തുപ്രസിഡന്റ് അഡ്വ.ഷീന സനൽ കുമാർ 'ഹരി തോത്സവം'ശുചിത്വ ക്യാമ്പയിന് തുടക്കം കുറിച്ചു. മുഹമ്മ പുത്തനങ്ങാടി മാർക്കറ്റിന് സമീപം നടന്ന ചടങ്ങിൽ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ വിലഞ്ചിത ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്വക്ഷൻ ജയൻ തോമസ്, മുഹമ്മ ഗ്രമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ മജ്‌നു, സിന്ധുരാജീവ്, അനൂർ സോമൻ, രാധാമണി, ജിതേഷ് തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ടി.എം.ദിനി ക്യാമ്പയിൻ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വി.എം.സുഗാന്ധി സ്വാഗതവും ജോയിന്റ ബി.ഡി.ഒ രമ നന്ദിയും പറഞ്ഞു.