 പരിക്കേറ്റ വിദ്യാർത്ഥിനിയെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു

ആലപ്പുഴ : അപകടത്തിൽ പരിക്കേറ്റ പ്ളസ് ടു വിദ്യാർത്ഥിനിയുമായി മെഡിക്കൽ കോളേജിലേക്ക് പഞ്ചറായ ടയറുമായി പാഞ്ഞ 108 ആംബുലൻസ്,പിന്നാലെ വന്ന യാത്രക്കാരുടെ ഇടപെടലിനെത്തുടർന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. വിദ്യാർത്ഥിനിയെ മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.

വീടിന്റെ മുകളിലേക്ക് കയറുന്നതിനിടെ കോണി മറിഞ്ഞ് വീട്ടുമുറ്റത്ത് തലയടിച്ച് വീണ് പരിക്കേറ്റ, ചിങ്ങോലി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം താമസിക്കുന്ന സീതുവിനെയും കൊണ്ട് പോവുകയായിരുന്നു ആംബുലൻസ്. പുറക്കാട് പഴയങ്ങാടിയിൽ എത്തിയപ്പോഴാണ് ആംബുലൻസിന്റെ പിൻഭാഗത്ത് ഇടതുവശത്തെ ടയർ പഞ്ചറായത് പിന്നാലെ എത്തിയ കാർ യാത്രികരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇവർ ആംബുലൻസ് ഡ്രൈവറോട് വിവരം പറഞ്ഞതിനെത്തുടർന്ന് ഉടൻ വാഹനം നിർത്തി.

മറ്റൊരു ആംബുലൻസിനായി ഡ്രൈവർ അമ്പലപ്പുഴയിലെ മെഡിക്കൽ കോളേജ് ഹെൽത്ത് യൂണിറ്റുമായി ബന്ധപ്പെട്ടു. എന്നാൽ, ഇതിനിടെ ഇതുവഴി വന്ന കരുനാഗപ്പള്ളിയിലെ മറ്റൊരു ആംബുലൻസിൽ വിദ്യാർത്ഥിനിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. വിദ്യാർത്ഥിനിയെ മെഡിസിൻ വിഭാഗം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

പണിയായത് ആണി

ആംബുലൻസിന്റെ പഞ്ചറായ ടയർ ഒട്ടിക്കാനായി എടുത്തപ്പോൾ നാല് ആണികൾ തറച്ച നിലയിലായിരുന്നു. രണ്ട്മാസം മുമ്പ് ഇതേ ആംബുലൻസിന്റെ മറ്റോരു വീൽ പഞ്ചറായപ്പോൾ എഴ് ആണികൾ തറച്ചിരുന്നതായി കണ്ടിരുന്നു. കരുവാറ്റയിലെ ആംബുലൻസിന്റെ ടയറും സമാനമായരീതിയിൽ ആണി തുളച്ച് കയറി പഞ്ചറായിരുന്നു. തികച്ചും സൗജന്യമായ 108 ആംബുലൻസ് സേവനം തകർക്കാൻ ചിലകേന്ദ്രങ്ങൾ ശ്രമിക്കുന്നതായും ആരോപണമുണ്ട്.