കുട്ടനാട്: എ-സി റോഡ് പുനർനിർമ്മാണത്തിന്റെ ഭാഗമായി കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള പൊതുമരാമത്ത് അധികൃതരുടെ നീക്കത്തിനെതിരെ ഫുട്ട്പാത്ത് മർച്ചന്റ്സ് അസോസിയേഷൻ രംഗത്ത്. ഏഴിന് രാവിലെ പത്തിന് കളക്ടറേറ്റ് പിക്കറ്റിംഗ് ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് അസോസിയേഷൻ രൂപം നൽകി.

അമ്പലപ്പുഴ, കുട്ടനാട്, ചങ്ങനാശേരി താലൂക്കുകളുടെ പരിധിയിലുള്ള എ-സി റോഡിലെ ആലപ്പുഴ കൈതവന മുതൽ ചങ്ങനാശേരി മനയ്ക്കച്ചിറ വരെയുള്ള പ്രദേശങ്ങളിലെ മുഴുവൻ കൈയേറ്റങ്ങളും ഒഴിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഓരോ പ്രദേശത്തെയും കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള ചുമതല അതത് താലൂക്കിന് കീഴിലുള്ള പൊതുമരാമത്ത് അധികൃതർക്കാണ് നൽകിയിട്ടുള്ളത്. നൂറ് കണക്കിന് പെട്ടിക്കടകൾക്കും മറ്റു സ്ഥാപനങ്ങൾക്കും ആദ്യപടിയെന്ന നിലയിൽ നോട്ടീസ് നൽകി. 15 ദിവസത്തിനുള്ളിൽ സ്വയം ഒഴിയാൻ തയ്യാറാകണമെന്നും അല്ലെങ്കിൽ വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്നുമാണ് മുന്നറിയിപ്പ്.

എ സി കനാൽ നവീകരണവുമായി ബന്ധപ്പെട്ട് കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ മുമ്പ് നടത്തിയ ശ്രമം ഫുട്പാത്ത് മർച്ചന്റ്സ് അസോ. പ്രതിഷേധത്തെത്തുടർന്ന് അധികൃതർ ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ പ്രളയത്തിൽ എ സി റോഡ് തകരാറിലായ സാഹചര്യത്തിലാണ് പുനർ നിർമ്മിക്കാൻ സർക്കാർ പ്രത്യേക പദ്ധതിക്ക് രൂപം നൽകിയത്. ചെറുകിട കച്ചവടക്കാരെ സംരക്ഷിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് രൂപം നൽകുമെന്ന് ഡി.സി.സി അംഗവും ഫുട്ട്പാത്ത് മർച്ചന്റസ് അസോസിയേഷൻ പ്രസിഡന്റുമായ പ്രസാദ് ചെത്തിക്കാട് പറഞ്ഞു.