അരൂർ:ജനവാസ കേന്ദ്രത്തിൽ മൊബൈൽ കമ്പനിയുടെ ടവർ സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു.അരൂർ പഞ്ചായത്ത് ആറാം വാർഡിൽ തഖ്വാ മസ്ജിദിന് സമീപമാണ് ടവർ നിർമ്മിക്കുന്നത്. വാഹനത്തിൽ നിർമ്മാണസാമഗ്രികളുമായെത്തിയ സംഘത്തെ പൊതു പ്രവർത്തകനായ ഹക്കിം ഇടക്കേരിയുടെ നേതൃത്വത്തിൽ സ്ത്രീകളുൾപ്പെടെ പ്രദേശവാസികൾ തടഞ്ഞത് നേരിയ സംഘർഷത്തിന് കാരണമായി. വിവരമറിഞ്ഞെത്തിയ അരൂർ പൊലീസ് ഇരുകൂട്ടരുമായും ചർച്ച നടത്തി. ടവർ നിർമ്മാണ സംഘം മടങ്ങിയപ്പോഴാണ് നാട്ടുകാർ പ്രതിഷേധം അവസാനിിപ്പിച്ചത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ ടവർ നിർമ്മാണത്തിൽ നിന്ന് മൊബൈൽ കമ്പനി പിൻമാറണമെന്ന് ഐ.എൻ.എൽ അരൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.