ഹരിപ്പാട്: കൊറോണ വൈറസ് ബാധ ആലപ്പുഴയിൽ ഒരാൾക്ക് സ്ഥിരീകരിച്ചതോടെ താലൂക്ക് ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജാഗ്രതാ പ്രവർത്തനങ്ങൾക്ക് നിർദ്ദേശം. മാവേലിക്കര, ചെങ്ങന്നൂർ ജില്ലാ ആശുപത്രികൾ, ചേർത്തല, പുളിങ്കുന്ന്, ഹരിപ്പാട്, കായംകുളം താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലാണ് രോഗവുമായി ബന്ധപ്പെട്ട നിരീക്ഷണത്തിന് ആലപ്പുഴ മെഡിക്കൽ ഓഫീസരുടെ നിർദ്ദേശം ലഭിച്ചത്. വിദേശത്ത് നിന്നു വരുന്നവരുടെ വിവരങ്ങൾ ശേഖരിക്കുകയും ഇവരെ നിരീക്ഷിക്കുകയുമാണ് ചെയ്യുന്നത്.
തൃക്കുന്നപ്പുഴ കമ്മ്യുണിറ്റി ഹെൽത്ത് സെന്ററിലും ഇതിന്റെ പരിധിയിൽ വരുന്ന 10 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പ്രത്യേകനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കുമാരപുരം, കാർത്തികപ്പള്ളി എന്നിവിടങ്ങളിൽ വിദേശത്തുനിന്നും വന്ന രണ്ടു പേരിൽ പനി ബാധ കണ്ടതിനെ തുടർന്ന് വീടുകളിൽ നിരീക്ഷണത്തിലാണ്. ജില്ല ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും ഐസൊലേഷൻ വാർഡ് സംവിധാനം ഇല്ലാത്ത സാഹചര്യത്തിലാണ് സംശയം തോന്നുന്നവരെ ആലപ്പുഴ വണ്ടാനംമെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുള്ളത്.
ജാഗ്രതാ നിർദ്ദേശങ്ങൾ
പനി ബാധിച്ചെത്തുന്നവരെ സ്ഥലത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കരുത്
ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉടൻ എത്തിക്കണം
അല്ലാത്തപക്ഷം ഇവരെ വീടുകളിൽ തന്നെ പാർപ്പിച്ച് 28 ദിവസം നിരീക്ഷിക്കണം
ഇവരെ മറ്റുള്ളവരുമായി ബന്ധപ്പെടാൻ അനുവദിക്കരുത്
വിദേശത്തു നിന്നു വരുന്നവർ സ്വയം നിർദ്ദേശങ്ങളുമായി സഹകരിക്കണം. ഇവരെപ്പറ്റിയുള്ള വിവരങ്ങൾ നൽകാൻ മറ്റുള്ളവർ തയ്യാറാകണം.
ആരോഗ്യവകുപ്പ്
അധികൃതർ