വിദ്യാർത്ഥിയുടെ നില തൃപ്തികരം
ആലപ്പുഴ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച്, ആലപ്പുഴ മെഡി. ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്ന വിദ്യാർത്ഥിയുടെ നില തൃപ്തികരമായി തുടരുന്നു. രോഗവ്യാപനം തടയാൻ ആരോഗ്യ വകുപ്പ് മുൻകരുതലുകൾ ഊർജ്ജിതമാക്കി.
ഐസൊലേഷൻ വാർഡുകളിൽ നിരീക്ഷണത്തിലുള്ളവരെ സന്ദർശിക്കാനെത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിലെ താലൂക്ക് ആശുപത്രികളിൽ ഉൾപ്പെടെ ഐസൊലേഷൻ വാർഡുകൾ ക്രമീകരിച്ചു. ആരോഗ്യമന്ത്രിയുടെ നിർദേശ പ്രകാരം മെഡിക്കൽ കോളേജ് ആശൂപത്രിയിൽ നിലവിലുള്ള രണ്ട് ഐസൊലേഷൻ വാർഡുകൾക്കു പുറമേ പുതുതായി 12-ാം വാർഡിൽ മറ്റൊരു ഐസോലേഷൻ വാർഡും ക്രമീകരിക്കാനുള്ള ജോലികൾ ഇന്നലെ ആരംഭിച്ചു. ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിലും രോഗികൾ നിരീക്ഷണത്തിലുള്ള ആശുപത്രികളിലും ജനത്തിരക്ക് നന്നേ കുറവായിരുന്നു.
വിവിധ വകുപ്പുകളുടെ അവലോകന യോഗം ഇന്നലെ രാവിലെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ആലപ്പുഴ ആർ.ഡി.ഒ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ നടന്നു. മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗ ത്തിലെ ഡോ. കാർത്തിക, ഡോ.ഷോമ എന്നിവർ ക്ളാസെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസ് കോൺഫറൻസ് ഹാളിൽ ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളെ പ്രതിനിധീകരിച്ചെത്തിയ 12 ഡോക്ടർമാർക്ക് പരിശീലനം നൽകി. തുടർന്ന് ഇവർ തന്നെ സ്ഥാപനങ്ങളിലെ മറ്റ് ജീവനക്കാർക്ക് പരിശീലനം നൽകും.
ആംബുലൻസുകൾ 6
ആലപ്പുഴ നഗരസഭയിലെ സ്‌കൂൾ അദ്ധ്യാപകർ, ആശ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ, എ.ഡി.എസ് പ്രവർത്തകർ എന്നിവർക്കും പരിശീലനം നൽകി. ഡി.എസ്.ഒ ഡോ.ദീപ്തി, ജനറൽ ആശുപത്രിയിലെ ഡോ.ശ്രീനാഥ് എന്നിവർ നേതൃത്വം നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഹോട്ടൽ, റിസോർട്ട്, ഹോംസ്റ്റേ ഉടമകളുടെ പ്രത്യേക യോഗം കളക്ടറുടെ അദ്ധ്യക്ഷതയിൽ നടന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ.അനിതകുമാരി പങ്കെടുത്തു. രോഗികളെ ആശുപത്രികളിൽ എത്തിക്കാനായി 6 ആംബുലൻസുകൾ തയ്യാറാക്കി 16 ഡ്രൈവർമാർക്ക് ആവശ്യമായ പരിശീലനം ജില്ലാ നേഴ്‌സിംഗ് ഓഫീസർ ശ്രീദേവിയുടെ നേതൃത്വത്തിൽ നൽകി.
കൺട്രോൾ റൂമുകൾ
ആലപ്പുഴ എൻ.എച്ച്.എം കോൺഫറൻസ് ഹാളിൽ, സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ.രത്തൻ ഖേൽക്കറുടെ നേതൃത്വത്തിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി കളക്‌ടറേറ്റിലും ജില്ലാ മെഡിക്കൽ ഓഫീസിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നു. വീട്ടിൽ നിരീക്ഷണത്തിൽ ഉള്ളവർക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക സംഘർഷമുള്ള പക്ഷം ടെലി കൗൺസിലിംഗ് സൗകര്യം ലഭ്യമാണ്. അവർക്ക് കൺട്രോൾ റൂമിൽ ബന്ധപ്പെടാം. കൊറോണയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലും മറ്റും വ്യാജപ്രചരണങ്ങളും തെറ്റായ വിവരങ്ങളും നൽകുന്നവർക്കെതിരെ ശക്തമായ പൊലീസ് നടപടിയുണ്ടാവും. നിലവിൽ ഇപ്രകാരമുള്ള കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.
..................................
രോഗ ലക്ഷണങ്ങൾ കണ്ട് നിരീക്ഷണത്തിലുള്ളവർ: 12
മെഡിക്കൽ കോളേജ് ആശുപത്രിയിൽ: 3
സർക്കർ ആശുപത്രികളിൽ: 9 പേർ
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ:150
ഇന്നലെ മാത്രം പുതുതായി വന്നവർ:25
ഐസൊലേഷൻ മുറികൾ 84
..................................................