അമ്പലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡ് നീർക്കുന്നം എസ്.ഡി.വി ജി.യു.പി സ്കൂളിനു സമീപമായതിനാൽ പി.ടി.എ ഭാരവാഹികളും രക്ഷാകർത്താക്കളും ആശങ്കയോടെ ആശുപത്രി അധികൃതരെ സമീപിച്ചു.
ഒരു കാരണവശാലും രക്ഷാകർത്താക്കളോ, വിദ്യാർത്ഥികളോ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ, ഐസൊലേഷൻ വാർഡിന്റെ ചുമതലയുള്ള ഡോക്ടർമാർ എന്നിവർ വ്യക്തമാക്കി. ഇന്നും നാളെയുമായി മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.സൈറു ഫിലിപ്പിന്റെ നേതൃത്വത്തിൽ സ്‌കൂളിൽ ബോധവത്കരണ ക്ളാസ് നടത്തും.
രോഗബാധിതനായ ആളുമായി ഒരു മീറ്റർ ദൂരത്തിൽ സമ്പർക്കത്തിൽ വന്നാൽ മാത്രമേ പകരുകയുളളു. രോഗി ചുമയ്ക്കുമ്പോഴോ മറ്റോ പുറത്തേക്കു വരുന്ന സ്രവങ്ങളിൽ നിന്നും മറ്റും വൈറസ് പടരാം. ഒരു കാരണവശാലും വായുവിലൂടെ സഞ്ചരിച്ച് കൂടുതൽ ദൂരം വ്യാപിക്കില്ലെന്നും ഡോക്ടർമാർ സ്‌കൂൾ അധികൃതർക്ക് ഉറപ്പു നൽകി.