തുറവൂർ :വളമംഗലത്ത് കഞ്ചാവ് മയക്കുമരുന്ന് ക്വട്ടേഷൻ സംഘങ്ങൾ ഏറ്റുമുട്ടിയതിനെത്തുടർന്ന് യുവാവിന് കുത്തേറ്റു. പ്രദേശവാസിയായ മിഥുനാണ് (25) കുത്തേറ്റത്. മിഥുനെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. തുറവൂർ പഞ്ചായത്ത് ഏഴാം വാർസ് വളമംഗലം വടക്ക് മാനവ സഹായ സമിതി വായനശാലയ്ക്ക് സമീപം ഞായറാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. സംഘർഷത്തിനിടെ വളമംഗലം സ്വദേശി ബാബു എന്നയാൾക്കും പരിക്കുണ്ട്.ബാബു എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രദേശവാസികളായ സരൺ ,യദു ,അനന്തു ,ഷൈജു എന്നിവർക്കെതിരെ കുത്തിയതോട് പൊലീസ് കേസെടുത്തു.ഇവർ നിരവധി കേസുകളിൽ പ്രതികളാണെന്നും ,മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസ് പറഞ്ഞു. വളമംഗലം മേഖലയിൽ വളർന്നു വരുന്ന കഞ്ചാവ്‌ - ക്വട്ടേഷൻ സംഘം നാട്ടുകാരെ ഭീതിയിലാഴ്ത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.