ചേർത്തല: കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ നാളെ ചിക്കരകൊട്ടിക്കൽ കൂട്ടക്കള മഹോത്സവം നടക്കും. ചിക്കരക്കുട്ടികളുടെ അതിവിശിഷ്ടമായ ചടങ്ങ് ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തെ കുമർത്തശേരി മൂലസ്ഥാനത്താണ് നടക്കുന്നത്.
ചിക്കര എടുക്കുന്ന ദിവസം ഇവിടെ സ്ഥാപിച്ച വലിയ മൺകലത്തിൽ കുട്ടികളെക്കൊണ്ട് ചക്കര നിക്ഷേപിക്കും. ഉത്സവത്തിന്റെ ഏഴാം ദിവസം അത്താഴ പൂജ കഴിഞ്ഞ് തകിൽ വാദ്യത്തിന്റെയും കുത്തുവിളക്കിന്റെയും അകമ്പടിയോടെ വെളിച്ചപ്പാടിന്റെ നേതൃത്വത്തിൽ കാളി മൂല സ്ഥാനത്തെത്തും. തുടർന്ന് കുട്ടികളോട്, അന്ന് നിക്ഷേപിച്ച ചക്കര കലത്തിൽ കൈയിട്ട് എടുത്തുതരാൻ ആവശ്യപ്പെടും. എന്നാൽ ഏഴുദിവസം കുടത്തിലെ വെള്ളത്തിൽ കിടന്ന ചക്കര അലിഞ്ഞു പോയതിനാൽ കലത്തിൽ കൈയിടുന്ന കുട്ടികൾക്ക് ചക്കര കിട്ടില്ല. ഇതുകണ്ട് ദേഷ്യത്തോടെ വെളിച്ചപ്പാട് 'ചക്കരക്കള്ളി'യെന്ന് വിളിച്ച് പച്ച ഈർക്കിലി കൊണ്ട് കുട്ടികളെ പ്രതീകാത്മകമായി തല്ലും. ദേവിയുടെ അനുഗ്രഹം ആവാഹിച്ച വെളിച്ചപ്പാടിന്റെ ഈ പ്രവൃത്തിയോടെ കുട്ടികളുടെ ബാലാരിഷ്ഠതകളും രോഗങ്ങളും ശമിക്കുമെന്നാണ് വിശ്വാസം.
തുടർന്ന് ഈ ചക്കരവെള്ളം ഉപയോഗിച്ച് അരിപ്പൊടി,പഴം,മുന്തിരി,കൽക്കണ്ടം എന്നിവ ചേർത്ത് പുഴുക്ക് ഉണ്ടാക്കി ചിക്കരക്കുട്ടികൾക്കും ഒപ്പമുള്ള മറ്റ് ഭക്തർക്കും വിതരണം ചെയ്യും. ഇത് കഴിക്കുന്നവരുടെ രോഗങ്ങളും ദുരിതങ്ങളും മാറുമെന്നാണ് വിശ്വാസം. 7ന് രാത്രി 12 മണിയോടെ ആരംഭിക്കുന്ന ചടങ്ങുകൾ പുലർച്ചയോടെ സമാപിക്കും. ഉത്സവ നാളിൽ ദേവിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചടങ്ങായതിനാൽ ആദ്യവസാനം വരെ ദേവീ ചൈതന്യം ഇവിടെ ഉണ്ടാകുമെന്നാണ് വിശ്വാസം. ഇതുവരെ 3000ത്തോളം ചിക്കരക്കുട്ടികൾ ചിക്കര വഴിപാടിനായി എത്തിയിട്ടുണ്ട്.നാളെ വൈകിട്ട് ദീപാരാധന വരെ രജിസ്റ്റർ ചെയ്യുന്നവരെ ചിക്കര വഴിപാടിൽ പങ്കെടുപ്പിക്കും.
ഭക്ഷണവിതരണം
ചിക്കര വഴിപാടിനെത്തി ദേവസ്വം വക മുറികളിലും സമീപത്തെ താത്കാലിക പുരകളിലും താമസിക്കുന്നവർ പാചകവാതക സിലിണ്ടർ ഉപയോഗിക്കുന്നതിനും ഭക്ഷണം പാചകം ചെയ്യുന്നതിനും അഗ്നിശമന സേനയുടെ കർശന നിയന്ത്രണം. വഴിപാടിനെത്തുന്നവർക്ക് 21 ദിവസവും ഭക്ഷണം നൽകാനായി പ്രത്യേക ക്രമീകരണമാണ് ദേവസ്വം ഒരുക്കിയിട്ടുള്ളത്.180 അടി നീളത്തിലും 65 അടി വീതിയിലും നിർമ്മിച്ചിരിക്കുന്ന വിശാലമായ പന്തലിൽ 65 അടി നീളത്തിലും 40 അടി വീതിയിലുമായി അടുക്കളയും നിർമ്മിച്ചിട്ടുണ്ട്. അഞ്ചു നേരത്തെ ഭക്ഷണമാണ് വിതരണം ചെയ്യുന്നത്.
ഉത്സവ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം
കെ.കെ.കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ ആരംഭിക്കുന്ന ഉത്സവ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ഇന്നു രാവിലെ 10ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ മുഖ്യപ്രഭാഷണം നടത്തും. സൊസൈറ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. കണിച്ചുകുളങ്ങര ക്ഷേത്രാങ്കണത്തിൽ ആരംഭിക്കുന്ന ക്യാമ്പ് ഓഫീസ് ഉത്സവ അവസാനം വരെ തുടരും. പരിശീലനം സിദ്ധിച്ച നഴ്‌സുമാരുടേയും വോളണ്ടിയർമാരുടേയും ഡോക്ടർമാരുടേയും സേവനം ലഭ്യമാക്കുന്ന വിധമാണ് ക്യാമ്പ് ഒരുക്കുന്നത്. സൗജന്യമായി പ്രഷർ, ഷുഗർ പരിശോധന സൗകര്യവും ഒരുക്കും.
പാലിയേറ്റീവ് സൊസൈറ്റിയുടെ ധനശേഖരണാർത്ഥം നടത്തുന്ന സമ്മാനകൂപ്പൺ വിതരണം സ്വാമിനാഥൻ ചള്ളിയിൽ നിർവഹിക്കും. ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ, ട്രഷറർ കെ.കെ.മഹേശൻ, ഡി.രാധാകൃഷ്ണൻ, പി.ജെ.കുഞ്ഞപ്പൻ,ടി.വി. ബൈജു എന്നിവർ സംസാരിക്കും. കഞ്ഞിക്കുഴി, തണ്ണീർമുക്കം,ചേർത്തല തെക്ക്, മാരാരിക്കുളം വടക്ക് പഞ്ചായത്തുകളിലെ 1200 കിടപ്പു രോഗികളുടെ പരിചരണ പ്രവർത്തനങ്ങളാണ് സൊസൈറ്റി നടത്തുന്നത്.
കണിച്ചുകുളങ്ങരയിൽ ഇന്ന്
പ്രഭാഷണം വൈകിട്ട് 5ന്, ദീപാരാധന, വിളക്ക് 6.30ന്, സംഗീത കച്ചേരി 7ന്, നാടകം രാത്രി 9.30ന്