photo


ചേർത്തല:ഗ്രീൻ ഗാർഡൻസ് സ്ഥാപനങ്ങളുടെ സ്ഥാപകൻ മോൺ.ജോസഫ് കണ്ടത്തിലച്ചന്റെ ദൈവദാസപദവി പ്രഖ്യാപനം 6ന് നടക്കും. ദൈവദാസന്റെ നാമകരണത്തിനുള്ള അന്വേഷണങ്ങൾക്കും ഇതോടെ തുടക്കമാകും. ദൈവദാസ പ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായി ചേർത്തല ഗ്രീൻഗാർഡൻസ് അസീസി സെന്റ് ഫ്രാൻസിസ് ജനറലേ​റ്റ് സുപ്പീരിയർ ജനറൽ സെലസ്​റ്റിൻ ഫ്രാൻസിസ്,സിസ്​റ്റർ സെബസ്​റ്റീന മേരി,സിസ്​റ്റർ കരുണ ഫ്രാൻസിസ് എന്നിവർ വാത്താസമ്മേളനത്തിൽ അറിയിച്ചു.

6ന് വൈകിട്ട് 3.45ന് ഗ്രീൻഗാർഡൻസിലാണ് പ്രഖ്യാപനം.എറണാകുളം അങ്കമാലി അതിരൂപത ചാൻസലർ വത്തിക്കാൻ കാര്യാലയം നൽകിയ അനുമതിപത്രം വായിക്കും.കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും മെത്രോപോലിത്തൻ വികാരി മാർ ആന്റണികരിയിൽ എന്നിവർ കണ്ടത്തിലച്ചന്റെ കല്ലറയിൽ പുഷ്പചക്രം സമർപ്പിച്ച് അനുഗ്രഹ പ്രഭാഷണം നടത്തും. നാമകരണത്തിനായുള്ള അതിരൂപതാതലത്തിൽ ആർച്ച് ബിഷപ്പ് രൂപവത്കരിക്കുന്ന പ്രത്യേക ട്രൈബ്യൂണലിലെ അംഗങ്ങൾ ചടങ്ങിൽ ഉത്തരവാദിത്വമേൽക്കും. ആലപ്പുഴ രൂപതാ മുൻ ബിഷപ്പ് സ്​റ്റീഫൻ അത്തിപ്പൊഴിയിൽ സന്ദേശം നൽകും.

1904ൽ ഒക്ടോബർ 27ന് വൈക്കത്തിനടുള്ള ചെമ്പുകണ്ടത്തിൽ വർക്കി തോമസ്-ക്ളാരമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായി മാതൃഭവനമായ തോട്ടുങ്കൽ തറവാട്ടിലാണ് ജോസഫ് കെ.ഡബ്ലിയു.തോമസ് എന്ന കണ്ടത്തിലച്ചന്റെ ജനനം. 1933 ഡിസംബർ 17ന് മാർ അഗസ്റ്റിൻ കണ്ടത്തിൽ മെത്രാപ്പൊലീത്തയിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. ചേർത്തല മുട്ടംപള്ളിയിൽ സഹവികാരിയായിട്ടായിരുന്നു ആദ്യ നിയമനം. നാട്ടിൻപുറങ്ങളിലെ വീടുകൾ സന്ദർശിക്കുന്നതിനിടെ കണ്ടുമുട്ടിയ കുഷ്ഠരോഗികളുടെ ദയനീയ സ്ഥിതിയും ചേർത്തലയിലെയും സമീപ പ്രദേശങ്ങളിലെയും ദാരിദ്ര്യവും തൊഴിലില്ലായ്മയുമൊക്കെ അച്ചനെ വേദനിപ്പിച്ചു. 1942ൽ കുഷ്ഠരോഗാശുപത്രി സ്ഥാപിച്ചു.1949 എപ്രിൽ 2നാണ് എ.എസ്.എം.ഐ സന്യാസിനി സമൂഹത്തിനു തുടക്കമിട്ടത്.

സേവനങ്ങൾ മാനിച്ച് 1969ൽ വത്തിക്കാൻ അദ്ദേഹത്തിന് മോൺസിഞ്ഞോർ പദവി നൽകി ആദരിച്ചു. കുഷ്ഠരോഗികൾക്കായി ജീവിതം സമർപ്പിച്ചതിലൂടെ കേരള ഡാമിയൻ എന്ന പേരിലാണ് കണ്ടത്തിലച്ചൻ അറിയപ്പെടുന്നത്.1991 ഡിസംബർ 12നാണ് ദവംഗതനായത്. 2019 ഒക്ടോബർ 24ന് കണ്ടത്തിലച്ചനെ ദൈവദാസനായി പ്രഖ്യാപിച്ച് വത്തിക്കാനിൽ നിന്നു അനുമതിപത്രം ലഭിച്ചു.