ചേർത്തല:ചേർത്തല തെക്ക് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ രാത്രികാല പഠനക്ലാസ് ആരംഭിച്ചു. പ്ലസ് വൺ ക്ലാസിൽ ഒന്നും രണ്ടും വിഷയങ്ങൾക്ക് മാർക്ക് കുറഞ്ഞ വിദ്യാർത്ഥികൾക്കാണ് രാത്രികാല ക്ലാസ് നൽകുന്നത്.

വീട്ടിലിരുന്ന് പഠിക്കാൻ മടിയുള്ള വിദ്യാർത്ഥികളെയാണ് സ്‌കൂൾ സമയം കഴിഞ്ഞ് സ്‌കൂളിൽ ഇരുത്തി അദ്ധ്യാപകർ പഠിപ്പിക്കുന്നത്. റെഗുലർ ക്ലാസിൽ പഠിപ്പിച്ച ചോദ്യങ്ങളും ഉത്തരങ്ങളും വിദ്യാർത്ഥികൾ പഠിക്കുന്ന മുറയ്ക്ക് ഓരോന്നായി നൽകും. വൈകിട്ട് ഏഴ് മണി മുതൽ തുടങ്ങുന്ന പഠനം രാത്രി 10 വരെ തുടരും. തുടർന്ന്, പഠിച്ച മുഴുവൻ ചോദ്യവും ഉത്തരങ്ങളും വിദ്യാർത്ഥികൾ എഴുതി നൽകും. രാത്രികാല പഠിതാക്കൾക്കായി വിഭവ സമൃദ്ധമായ ഭക്ഷണമാണ് ഇടവേളകളിൽ നൽകുന്നത്. പഠനക്ലാസ് പരീക്ഷ അവസാനിക്കുന്നത് വരെ തുടരാനാണ് തീരുമാനമെന്ന് പ്രിൻസിപ്പൽ ഡോ. കെ.ലൈലാസ് പറഞ്ഞു. സ്‌കൂളിലെ പി.​ടി.എ, എസ്.എം.സി, സ്‌കൂൾ വികസന സമിതി എന്നിവരുടെ പൂർണ സഹകരണത്തോടെയാണ് രാത്രികാല പഠന ക്ളാസ്.