ഹൈക്കോടതിയുടെ ഇടപെടലിൽ ആശ്വാസം കൊണ്ട് വിദ്യാർത്ഥികൾ
ആലപ്പുഴ : സ്കൂൾ ബാഗിന്റെ 'ഭാരം" കുറയ്ക്കാൻ ഹൈക്കോടതി ഇടപെട്ടതോടെ വിദ്യാർത്ഥികൾക്ക് ആശ്വാസം. സ്‌കൂൾ വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാൻ സർക്കാരുകളും വിദ്യാഭ്യാസ ഏജൻസികളും പുറപ്പെടുവിച്ച ഉത്തരവുകൾ എല്ലാ സ്‌കൂളുകളും നടപ്പാക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
. സ്‌കൂൾ ബാഗിന്റെ അമിതഭാരം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ഇതു നിയന്ത്രിക്കണമെന്നുമാവശ്യപ്പെട്ട് എറണാകുളം എളംകുളം സ്വദേശി ഡോ. ജോണി സിറിയക് നൽകിയ ഹർജിയിലാണ് നിർദ്ദേശം. ചുമലിലെ പുസ്തകഭാരം കുറയ്ക്കാൻ നടപടിയെടുക്കണമെന്ന് എല്ലാ അദ്ധ്യയന വർഷാരംഭത്തിലും കേന്ദ്ര, സംസ്ഥാന സർക്കാരുകളും സി.ബി.എസ്.ഇയും നിർദ്ദേശം പുറപ്പെടുവിക്കുമെങ്കിലും നടപ്പാകാറില്ലായിരുന്നു. ഇത്തവണ അധികൃതർ കർശന നടപടിയെടുക്കണമെന്നാണ് കോടതി നിർദ്ദേശം.
കുട്ടികൾക്ക് ശാരീരിക, ബുദ്ധിമുട്ടുകളുണ്ടാകാതിരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ബാഗിന്റെ ഭാരം കുറക്കാൻ സർക്കുലറുകൾ പുറപ്പെടുവിച്ചത്. ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലുള്ളവർക്ക് ഘനം കുറഞ്ഞ പുസ്തകങ്ങൾ നൽകണമെന്നാണ് സർക്കുലറിലുള്ളത്. 14 വയസ് വരെയുള്ള കുട്ടികൾക്ക് സ്വാതന്ത്ര്യത്തോടും സന്തോഷത്തോടും കൂടി വിദ്യാഭ്യാസം ഉറപ്പാക്കലാണ് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലക്ഷ്യം. മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേദേശാനുസരണം പാഠപുസ്തകങ്ങൾ ഒന്നിലേറെ ഭാഗങ്ങളാക്കി സംസ്ഥാന സർക്കാർ മാറ്റിയിരുന്നു.
.....
ലോകാരോഗ്യ സംഘടന പറയുന്നത്
ലോകാരോഗ്യ സംഘടന രാജ്യാന്തരതലത്തിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ ശരീരഭാരത്തിന്റെ10ശതമാനം മാത്രമായിരിക്കണം സ്‌കൂൾ ബാഗിന്റെ ഭാരമെന്നു നിർദ്ദേശിച്ചിട്ടുണ്ട്.
ക്ളാസ്, തൂക്കാവുന്ന പരമാവധി ഭാരം
1,2 2കി.ഗ്രാം
3-6 5 കി.ഗ്രാം
7-പ്ളസ് ടു 7 കി.ഗ്രാം
ഭാരം കൂടിയാൽ രോഗവും കൂടും
എല്ലുകളുടെ വളർച്ച പൂർണമാവാത്ത പ്രായമാണു വിദ്യാർത്ഥികളുടേത്. ചുമലിലിടുന്ന ബാഗിന്റെ ഭാരം കൂടുന്നതു ജീവിതാവസാനംവരെ തുടർന്നേക്കാവുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്കു തള്ളിവിടുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അമിതഭാരം പേശികൾക്കും എല്ലുകൾക്കും കാര്യമായ ക്ഷതമേൽപ്പിക്കും. പലപ്പോഴും ഭാരമുള്ളമുള്ള ബാഗുകൾ ഒരുതോളിൽ മാത്രമിട്ടാണു കുട്ടികൾ നടക്കുക. ഏറെക്കാലം ഇതു തുടരുമ്പോൾ നട്ടെല്ലിലെ കശേരുക്കൾക്കു സ്ഥാനചലനവും തേയ്മാനവും വരാനിടയുണ്ട്. രണ്ടു വശത്തുമായാണു ബാഗ് ഇടുന്നതെങ്കിൽ ഭാരം ക്രമീകരിക്കാനായി നടക്കുമ്പോൾ മുന്നോട്ട് അൽപം വളയേണ്ടിവരുന്നു. ഇതു നട്ടെല്ലിലെ ഡിസ്‌കുകൾക്കും അവയോടുചേർന്നുള്ള ലിംഗ്‌മെന്റുകൾക്കും പ്രശ്‌നങ്ങൾ സൃഷ്ടിക്കും.
മാറാത്ത വേദന
കഴുത്തിനുംപേശികൾക്കും നട്ടെല്ലിനുമുണ്ടാവുന്ന മാറാത്തവേദനയാണ് ആദ്യം വരിക. മുന്നോട്ടു വളഞ്ഞു നടക്കുന്നതു മുതുകിൽ കൂനുണ്ടാകാനുള്ള സാദ്ധ്യത കൂട്ടുന്നു. കെയ്‌ഫോസിസ് (നട്ടെല്ലു മുന്നോട്ടു വളഞ്ഞുപോവുന്ന അവസ്ഥ), സ്‌കോളിയോസിസ് (നട്ടെല്ല് വശങ്ങളിലേക്കു ചരിയുക) തുടങ്ങിയവയാണു പിൽക്കാലത്തു കാത്തിരിക്കുന്ന മറ്റു ഗുരുതര പ്രശ്‌നങ്ങൾ. അമിതഭാരവും നട്ടെല്ലിന്റെ വളവും ആവശ്യത്തിനു ശ്വാസം ഉള്ളിലേക്കെടുക്കാനുള്ള ശ്വാസകോശത്തിന്റെ കഴിവിനെയും ബാധിക്കും.
........
''ബാഗിലെ ഭാരം കൂടുന്നതു ആരോഗ്യ പ്രശ്നങ്ങൾക്കൊപ്പം വിദ്യാർത്ഥികളെ മാനസികമായി തളർത്തും. ഇതു തലച്ചോറിന്റെ പ്രവർത്തനത്തെത്തന്നെ മന്ദീഭവിപ്പിക്കുകയും പഠനത്തെ സാരമായി ബാധിക്കുകയും ചെയ്യും.
(ആരോഗ്യവിദഗ്ദ്ധർ)
'' കേരള സിലബസിൽ സ്കൂൾ ബാഗുകളുടെ അമിതഭാരം കുറയ്ക്കുന്നതിനായി മൂന്ന് ഭാഗങ്ങളായാണ് പാഠപുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഒാണം,ക്രിസ്മസ്,വാർഷികം എന്നിങ്ങനെ. കട്ടികുറഞ്ഞ പുസ്തകങ്ങൾ ഒറ്റ ഭാഗമാണ്. പുസ്തകങ്ങളുടെ ഭാരം കുറയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
(വിദ്യാഭ്യാസ വകുപ്പ് അധികൃതർ)
.......
(കേരള സിലബസ് പുസ്തക കണക്ക്: ക്ലാസ്, എണ്ണം )
1.....8
2 ....8
3..... 12
4......12
5....... 18
6....... 18
7......... 17
8.......... 23
9 .......... 30
10........... 30