 ജില്ലയിൽ ആകെയുള്ളത് 150 ബോട്ട് ജെട്ടികൾ

ആലപ്പുഴ: യാത്രാബോട്ടുകളുടെ സുഗമയാത്രയ്ക്കായി ജില്ലയിൽ ജലഗതാഗത വകുപ്പിനു കീഴിലുള്ള ബോട്ട്ജെട്ടികൾ നവീകരിക്കുന്നു. കൂടുതൽ സൗകര്യങ്ങൾ ഇവിടങ്ങൾ കേന്ദ്രീകരിച്ച് ഒരുക്കും. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ നിർദ്ദേശ പ്രകാരം കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ഇത് സംബന്ധിച്ച് പഠനം നടത്തും. ഇവർ ഇൗ മാസം അവസാനമോ അടുത്തമാസം ആദ്യമോ പഠനത്തിന് എത്തുമെന്നാണ് അധികൃതർ പറയുന്നത്.

യാത്രാസൗകര്യം കുറവുള്ള ജെട്ടികളുടെ പട്ടിക പഠനത്തിലൂടെ തയ്യാറാക്കും. ജില്ലയിൽ 150 ബോട്ട്ജെട്ടികളാണ് ആകെയുള്ളത്. എന്നാൽ ഉൾനാടൻ പ്രദേശങ്ങളിൽ ബോട്ട്ജെട്ടി സൗകര്യം കുറവാണ്. നവീകരണത്തിനായി ചെലവിടേണ്ട തുക സംബന്ധിച്ചും ജെട്ടികളുടെ രൂപരേഖയെക്കുറിച്ചും പഠനത്തിൽ വ്യക്തമാക്കും. ജലഗതാഗത വകുപ്പിന്റെ വേഗ ബോട്ടുകൾ അടുപ്പിക്കുന്നതിനുള്ള സൗകര്യവും ഒരുക്കും. നിലവിലെ ബോട്ടുജെട്ടികളിൽ ജലഗാഗത വകുപ്പിന്റെ പുതിയ 'വേഗ' ബോട്ടുകൾ അടുക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. ഇവ നവീകരിക്കുന്നതിലൂടെ വേഗ ബോട്ടുകൾക്ക് കൂടുതൽ സർവീസുകൾ നടത്താനാവും.
.............................................

 നവീകരിക്കുന്ന ജെട്ടികൾക്ക് ഏകീകൃത രൂപം

 നിറത്തിലും സമാനത

 ഭക്ഷണശാല, കസേരകൾ, ഫാൻ, ടി.വി സൗകര്യങ്ങൾ

 ബോട്ടുചാലുകളുടെ ആഴം കൂട്ടും

.................................................

# ബോട്ടുകൾക്ക് 'ആരോഗ്യ'പ്രശ്നം

പാണാവള്ളി, പെരുമ്പളം, പൂത്തോട്ട, സൗത്ത് പറവൂർ എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന ബോട്ടുകൾ കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ 20 ലധികം തവണ തുടർച്ചായി കേടായിരുന്നു. മണൽതിട്ടയിൽ ഇടിക്കുന്നതിനാൽ ബോട്ടിന്റെ പ്രൊപ്പല്ലർ ഷാഫ്റ്റ്, റഡാർ, ഹൈഡ്രോളിക് സ്റ്റിയറിംഗ് സിസ്റ്റം എന്നിവ കേടാവുന്നതു വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം പൂത്തോട്ടയിൽ നിന്ന് പാണാവള്ളിയിലേക്കു വരുന്നവഴി പെരുമ്പളം കാളത്തോട് ജെട്ടിക്കു സമീപമുണ്ടായ അപകടത്തിൽ ബോട്ടിന്റെ റഡാർ വെള്ളത്തിൽ വീണു. ജീവനക്കാർ ഇറങ്ങിയാണ് ഇത് കണ്ടെത്തിയത്. ബോട്ട് ജെട്ടി നവീകരണത്തിന് ശേഷം ഇൗ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

..........................................

'കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ബോട്ട്ജെട്ടികളിൽ പഠനം നടത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് ജെട്ടി നവീകരണം. ഇൗ മാസം അവസാനത്തോടെയോ മാർച്ച് ആദ്യമോ പഠനം തുടങ്ങും. ബോട്ട് ജെട്ടികളിലെ ജലനിരപ്പ് താഴുന്നതിനാൽ ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ കേടാകുന്നതും നിയന്ത്രണം നഷ്ടപ്പെടുന്നതും പതിവായിട്ടുണ്ട്'

(ഷാജി വി.നായർ, ജലഗതാഗതവകുപ്പ് ഡയറക്ടർ)