ആലപ്പുഴ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) 29-ാം സംസ്ഥാന സമ്മേളനം നാളെ മുതൽ 10 വരെ ആലപ്പുഴയിൽ നടക്കും.17 വർഷത്തിന് ശേഷമാണ് സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴ വേദിയാവുന്നത്. 900 പ്രതിനിധികൾ പങ്കെടുക്കുമെന്ന് സ്വാഗതം സംഘം ചെയർമാൻ ആർ.നാസറും അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.സി.ഹരികൃഷ്ണനും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സ്കൂൾ കുട്ടികളെ വർഗീകരിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമങ്ങളടക്കമുള്ള വിദ്യാഭ്യാസ മേഖലയിലെ പ്രധാന പ്രശ്നങ്ങൾ സമ്മേളനം ചർച്ചചെയ്യും.ദേശീയവിദ്യാഭ്യാസ നയം നടപ്പാക്കുമെന്ന് പറയുന്ന കേന്ദ്രസർക്കാർ ജി.ഡി.പിയുടെ 10 ശതമാനം നീക്കിവയ്ക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു ശതമാനം മാത്രമാണ് നീക്കിവച്ചിട്ടുള്ളത്. വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാനുള്ള നീക്കങ്ങൾ വേഗത്തിൽ നടക്കുന്നു.പാഠ്യപദ്ധതി നടപ്പാക്കാനുള്ള ചുമതല എൻ.സി.ഇ.ആർ.ടിക്ക് ആണെങ്കിലും പരീക്ഷാനടത്തിപ്പിന്റെ ചുമതല സ്വകാര്യ മേഖലയെ ഏൽപ്പിക്കാനാണ് നീക്കം.എന്നാൽ ഗുണപരമായ ഒട്ടേറെ മാറ്റങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്.മാർച്ചോടെ എല്ലാ വിദ്യാലയങ്ങളും സമ്പൂർണ്ണ ഹൈടെക് ആവുന്ന സംസ്ഥാനമായി കേരളം മാറുമെന്നും കെ.സി.ഹരികൃഷ്ണൻ പറഞ്ഞു.

7 ന് രാവിലെ 9 ന് സംസ്ഥാന കൗൺസിൽ. 8 ന് രാവിലെ 9.30 ന് കളർകോട് യെസ്കെ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടന സമ്മേളനം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈ.പ്രസിഡന്റ് യു.വാസുകി ഉദ്ഘാടനം ചെയ്യും.തുടർന്ന് പ്രതിനിധി സമ്മേളനം. വൈകിട്ട് 4.30 ന് സാംസ്കാരിക സമ്മേളനം മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും.തുടർന്ന് കലാപരിപാടികൾ. 9 ന് രാവിലെ 11.30 ന് ട്രേഡ് യൂണിയൻ സൗഹൃദ സമ്മേളനം മന്ത്രി ടി.എം.തോമസ് ഐസക്കും ഉച്ചയ്ക്ക് 1.30 ന് വനിതാ സമ്മേളനം മന്ത്രി കെ.കെ.ശൈലജയും ഉദ്ഘാടനം ചെയ്യും.വൈകിട്ട് 4 ന് ആലപ്പുഴ എസ്.ഡി.വി സ്കൂൾ ഗ്രൗണ്ടിൽ നിന്നു പൊതുസമ്മേളനം നടക്കുന്ന ഇ.എം.എസ് സ്റ്റേഡിയത്തിലേക്ക് പ്രകടനം. വൈകിട്ട് 5 ന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായിവിജയൻ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് കെ.ജെ.ഹരികുമാർ അദ്ധ്യക്ഷത വഹിക്കും.ബിനോയ് വിശ്വം എം.പി, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ പ്രസംഗിക്കും.രാത്രി 9 ന് പുതിയ കൗൺസിൽ തിരഞ്ഞെടുപ്പ്.

10 ന് രാവിലെ 10 മണിക്ക് വിദ്യാഭ്യാസ സമ്മേളനം മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.മുരുകൻ കാട്ടാക്കട മുഖ്യാതിഥിയാവും.ഉച്ചകഴിഞ്ഞ് 2 ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ പ്രസിഡന്റ് എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.

സെക്രട്ടറി എൻ.ടി.ശിവരാജൻ,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡി.സുധീഷ്, സ്വാഗതസംഘം ജനറൽ കൺവീനർ എസ്.ധനപാൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.