കായംകുളം: കായംകുളം നഗരസഭയിൽ കൈക്കൂലി വാങ്ങിയതിന് അസി.എൻജിനി​യറെ വിജിലൻസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പരാതി നൽകിയ കരാറുകാരനെതിരെ കരാരുകാരുടെ സംഘടന രംഗത്ത്. ഉദ്യോഗസ്ഥൻ കൈക്കൂലിക്കാരൻ അല്ലെന്നും പരാതിനൽകിയ കരാറുകാരനാണ് പ്രശ്നക്കാരനെന്നും ഇയാളെ സംഘടയിൽ നിന്ന് പുറത്താക്കിയതായും ഭാരവാഹി​കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സെക്യൂരിറ്റി ഡിപ്പോസിറ്റായി കരാറുകാരനായ വള്ളിയിൽ ഹുസൈൻ നൽകിയ 2.5 ലക്ഷം രൂപ തിരികെ നൽകാൻ 50,000 രൂപ സ്വന്തം വീട്ടിൽ വച്ച് കൈക്കൂലിയായി വാങ്ങുന്നതിനിടെയാണ് കായംകുളം നഗരസഭയിലെ അസിസ്റ്റന്റ് എൻജിനി​യർ പുതുപ്പള്ളി ഗോവിന്ദമുട്ടം രോഹിണി നിലയത്തിൽ പി. രഘുവിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.

ഹുസൈൻ വള്ളിയിൽ വിജിലൻസിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഹുസൈൻ പണി പൂർത്തീകരിച്ച് ബില്ല് മാറിയ റോഡ്, ഓട വർക്കുകളുട‌െ സെക്യൂരിറ്റി തുകയായ രണ്ടര ലക്ഷം രൂപ തിരികെ വാങ്ങാനാണ് എൻജിനീയറെ സമീപിച്ചത്. എന്നാൽ പലകാരണങ്ങൾ പറഞ്ഞ് വൈകിപ്പിച്ച ഇയാൾ 83,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമായി. ഒടുവിൽ 50,000 രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചു. ഈ വിവരങ്ങളെല്ലാം ഹുസൈൻ അപ്പപ്പോൾ വിജിലൻസിനെ അറിയിച്ചിരുന്നു. മൂന്നാഴ്ചയായി ഇയാൾ വിജിലൻസ് നിരീക്ഷണത്തിലുമായിരുന്നു.

എൻജിനി​യറെ വ്യക്തി വൈരാഗ്യം മൂലം കുടുക്കിയതാണന്നും അവർ ആരോപിച്ചു.