 കായംകുളം നഗരസഭയിൽ ഉദ്യോഗസ്ഥതല അഴിമതി

കായംകുളം: കരാറുകാരനിൽ നിന്ന് നഗരസഭ എൻജിനിയർ അര ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കുടു‌ങ്ങിയതോടെ കായംകുളം നഗരസഭയിലെ എൻജിനീയറിംഗ് വിഭാഗം കള്ളത്തരങ്ങൾക്ക് 'സ്ഫടിക' തിളക്കമായി! പണയം വച്ചും കടം വാങ്ങിയും കെട്ടുതാലിവരെ വിറ്റും വീട് നിർമ്മിക്കാൻ ഇറങ്ങിത്തിരിക്കുന്നവരെ ഇരയെപ്പോലെ കാത്തിരിക്കുകയാണ് ഇവിടത്തെ ചില എൻജിനീയർമാരെന്നത് പുതിയ കാര്യമല്ല.

വീട് നിർമ്മിക്കാൻ പണം സ്വരൂപിക്കുന്നതിലും വലിയ കഷ്ടപ്പാടാണ് കായംകുളം നഗരസഭയിൽ നിന്ന് പെർമിറ്റ് സംഘടിപ്പിക്കാൻ. വസ്തുവിന്റെ പ്രമാണം, കരം ഒടുക്കിയ രസീത്, കൈവശാവകാശ രേഖ, സ്കെച്ച്, പ്ളാൻ തുടങ്ങിയവ സഹിതം വേണം വീടിന് അപേക്ഷ നൽകേണ്ടത്. അപേക്ഷകൻ നേരിട്ടാണ് എത്തുന്നതെങ്കിൽ നഗരസഭയുടെ കെട്ടിടനിർമ്മാണ ചട്ടം മുഴുവനും 'പാലിക്കേണ്ടി'വരും. എന്നാൽ ഇടനിലക്കാരുണ്ടെങ്കിൽ ഒറ്റദിവസം കൊണ്ട് പെർമിറ്റ് റെഡി!
പണവും പാരിതോഷികവുമൊന്നും നൽകാൻ തയ്യാറാകാതെ സത്യസന്ധമായി കാര്യങ്ങൾ സാധിച്ചാൽ മതിയെന്ന മനോഭാവത്തിലെത്തുന്നവർ വലയും. ഇത്തരക്കാർ കെട്ടിട നിർമ്മാണം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് അപേക്ഷയുമായി എത്തുമ്പോഴേക്കും തടസങ്ങൾ തുടങ്ങും. ബിൽഡിംഗ് ഇൻസ്പെക്ടർ വന്ന് കെട്ടിടം പരിശോധിച്ച് നികുതി തീരുമാനിച്ചാൽ മാത്രമേ കെട്ടിട നികുതി ഒടുക്കി വീടിന് നമ്പരിടാൻ കഴിയൂ. 150 ചതുരശ്ര മീറ്ററിന് മുകളിലുള്ള വീടുകൾക്ക് പുതിയ നിയമം അനുസരിച്ച് മഴവെള്ള സംഭരണി നിർബന്ധമാണ്. കൈക്കൂലി നൽകാത്തവർ ആയിരക്കണക്കിന് രൂപ പല ഇനങ്ങളിലായി പിഴ ഒടുക്കേണ്ടി വരുമെന്നതാണ് ഇതുവരെയുള്ള അനുഭവമെന്ന് നാട്ടുകാർ പറയുന്നു.

 'സ്ഥിരം' ഇടപെടുകാർ

സ്ഥിരം കരാറുകാരനല്ലാതെ ഒരാൾ കരാറെടുക്കാൻ എൻജിനിയർമാർ സമ്മതിക്കില്ലത്രെ. ഇതിന് ഉദ്യോഗസ്ഥരുടെയും ഒത്താശയുണ്ടെന്ന് ആക്ഷേപമുണ്ട്. മതിയായ അളവിൽ സാമഗ്രികൾ ഉപയോഗിക്കാതെ ഓടകളും പാലങ്ങളും നിർമ്മിക്കുന്ന കരാറുകാരുടെ കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്നത് ചില ഉദ്യോഗസ്ഥരും എൻജിനയർമാരുമാണെന്ന ആക്ഷേപത്തിന് പുതുമയില്ല.