പെരുമ്പളം- പൂത്തോട്ട ജങ്കാർ മുടങ്ങരുതെന്ന് പ്രാർത്ഥന
ആലപ്പുഴ: പെരുമ്പളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയ പെരുമ്പളം- പൂത്തോട്ട ജങ്കാർ സർവീസ് ദ്വീപ് നിവാസികൾക്ക് ആശ്വാസമായി. ദീർഘകാല ആവശ്യത്തിന് വിരാമമിട്ട് നാലു മാസം മുമ്പാണ് ജങ്കാർ ആരംഭിച്ചത്.
പെരുമ്പളം കിഴക്ക് വാത്തികാട് ജെട്ടിയിൽ നിന്നു ഉദയംപേരൂർ പഞ്ചായത്തിലെ പൂത്തോട്ട ജെട്ടിയിലേക്കാണ് സർവീസ്. എറണാകുളം, കോട്ടയം ജില്ലകളികളിലേക്കുള്ള യാത്രയിൽ പെരുമ്പളത്തുകാർ അനുഭവിച്ചുപോന്ന ദുരിതത്തിനാണ് പുതിയ ജങ്കാർ സർവീസ് വന്നതോടെ അവസാനമായത്. അടിയന്തിര ഘട്ടങ്ങളിൽ രോഗികൾ ഉൾപ്പെടെയുള്ളവർക്ക് ബോട്ടോ സ്വകാര്യ വള്ളങ്ങളോ മാത്രമായിരുന്നു ആശ്രയം. ജങ്കാർ സർവീസ് ആരംഭിച്ചതോടെ വർഷങ്ങളായി അനുഭവിച്ച കഷ്ടപ്പാടുകൾ അവസാനിച്ചെന്ന് ദ്വീപ് നിവാസികൾ ഒന്നടങ്കം പറയുന്നു.
31.48 മീറ്റർ നീളവും 7.31 മീറ്റർ വീതിയുമുള്ള ജങ്കാറിൽ 141 ടൺ ഭാരം കയറ്റാനാവും. 9 ലക്ഷം മുടക്കിയാണ് ജങ്കാർ സജ്ജമാക്കിയത്. സർക്കാർ ഉടമസ്ഥതയിലുള്ള കെ.എസ്.ഐ.എൻ.സിക്കാണ് നടത്തിപ്പ് ചുമതല. സർവീസ് നടത്തുന്നതിനായി പഞ്ചായത്ത് മൂന്ന് തവണ ടെൻഡർ വിളിച്ചെങ്കിലും ഏറ്റെടുക്കാൻ ആരും തയ്യാറാകാത്തതിനാലാണ് കെ.എസ്.ഐ.എൻ.സിയെ ഏൽപിച്ചത്.
....................................
# ലാഭമല്ല വിഷയം
വലിയ ലാഭമൊന്നുമില്ലാതെയാണ് സർവീസ് എങ്കിലും ദ്വീപിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് പുറംലോകത്തേക്കുളള യാത്രാമാർഗം തടസങ്ങളില്ലാതെ തുടരണമെന്ന നിശ്ചയദാർഢ്യത്തിലാണ് പഞ്ചായത്ത്. പെരുമ്പളം ദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തെ മാർക്കറ്റ് ജെട്ടിയിൽ നിന്നു പാണാവള്ളിയിലേക്ക് ജങ്കാർ സർവീസ് നടത്തുന്നുണ്ടെങ്കിലും 16 കിലോമീറ്റർ ചുറ്റളവുള്ള ദ്വീപിന്റെ കിഴക്കേ കരയിൽ താമസിക്കുന്നവർക്ക് അത് പൂർണ്ണമായും പ്രയോജനപ്പെട്ടിരുന്നില്ല. പുതിയ ജങ്കാർ സർവീസ് ആരംഭിച്ചതോടെ മണിക്കൂറുകളാണ് നാട്ടുകാർക്ക് ലാഭിക്കാനായത്.
.................................
'ദ്വീപിൽ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന പെരുമ്പളത്തുകാർക്ക് പുറംലോകത്തേക്കുള്ള യാത്ര പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ജങ്കാർ സർവ്വീസ് നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചത്'
(കെ.എസ്. ഷിബു, പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് )