കായംകുളം: അഴിമതിയും ക്രമക്കേടും കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കായംകുളം നഗരസഭാ ചെയർമാൻ അഡ്വ.എൻ.ശിവദാസൻ പറഞ്ഞു.

അഴിമതിക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുന്നതിന്റെ തെളിവാണ് നഗരസഭാ എൻജി​നി​യറിംഗ് വിഭാഗവുമായി ബന്ധപ്പെട്ടുള്ള വിജിലൻസ് നടപടി. കഴിഞ്ഞ നാലുവർഷത്തിനിടെ നഗരസഭയിൽ അഴിമതി ആരോപണം നേരിട്ടിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരെയും അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയിട്ടുണ്ട്.

എന്നാൽ മുൻകാലങ്ങളിൽ നഗരസഭയിലെ യു.ഡി.എഫ് ഭരണം അഴിമതിയുടെയും ക്രമക്കേടിന്റെയും കേന്ദ്രമായിരുന്നു. നഗരസഭാ കോമ്പൗണ്ടിൽ നിന്ന് ടാർ മോഷണം നടത്തിയത് ഉൾപ്പടെയുള്ള കഥകൾ ജനങ്ങൾ മറന്നിട്ടില്ല. ഓഫീസ് നവീകരണത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയവർക്കെതിരെ അന്നത്തെ ചെയർപേഴ്‌സൺ തന്നെ ആരോപണം ഉന്നയിച്ചിരുന്നതാണ്.

അഴിമതിക്കെതിരെ ശക്തമായ നടപടികളാണ് ഇപ്പോഴുള്ള നഗരഭരണ നേതൃത്വം സ്വീകരിക്കുന്നതെന്നും ചെയർമാൻ പറഞ്ഞു.