കുട്ടനാട്: മരണാനന്തര ചടങ്ങിൽ സഹായിക്കാനെത്തിയ ശേഷം വീട്ടിൽ നിന്ന് 50,000 രൂപ കവർന്ന അയൽവാസി പിടിയിൽ. പുളിങ്കുന്ന് പഞ്ചായത്ത് മങ്കൊമ്പ് കളത്തിൽ വീട്ടിൽ വിശ്വനാഥൻ (54) ആണ് റിമാൻഡിലായത്. കോട്ടയം നാട്ടകം വില്ലേജിൽ ജ്യോതിസ് ഭവനിൽ രമേശന്റെ പരാതിയെത്തുടർന്നായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
പൊലീസ് പറയുന്നത്: അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ കോട്ടയത്തു നിന്നെത്തിയ രമേശനും കുടുംബവും മങ്കൊമ്പിലുള്ള കുടുംബവീട്ടിലെ അലമാരയിൽ ബാഗിനുള്ളിലായി സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. മരണാനന്തര ചടങ്ങുകൾക്ക്‌ശേഷം ഇവർ 75,000 രൂപയടങ്ങിയ ബാഗ് വീട്ടിലെ അലമാരയിൽ സൂക്ഷിച്ച ശേഷം പുറത്തേക്ക് പോയിരുന്നു. തിരികെയെത്തി ബാഗ് പരിശോധിച്ചപ്പോൾ 50,000 രൂപയുടെ കുറവ് വ്യക്തമായി. ഉടനെ തന്നെ പുളിങ്കുന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മരണാനന്തര ചടങ്ങുകൾക്ക് സഹായിയായി നിന്ന വിശ്വനാഥനാണ് മോഷ്ടാവെന്ന് കണ്ടെത്തുകയായിരുന്നു.
വർഷങ്ങൾക്ക് മുമ്പ്, സമീപവാസിയായ ആരോഗ്യവകുപ്പ് ജീവനക്കാരിയുടെ വീട്ടിലും ഇയാൾ മോഷണശ്രമം നടത്തിയിരുന്നു. അന്ന് വീടിന്റെ ഓട് പൊളിച്ചു അകത്ത് കടക്കാൻ നടത്തിയ ശ്രമത്തിനിടെ കഴുക്കോൽ ഒടിഞ്ഞു വീണ് പരുക്കേറ്റ് പിടിയിലാവുകയും ചെയ്തിരുന്നു.