ഹരിപ്പാട്: നിയോജകമണ്ഡലത്തിലെ പാടശേഖരങ്ങൾ നേരിടുന്ന ഓരുവെള്ള ഭീഷണി തടയാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ആവശ്യപ്പെട്ടു. ഹരിപ്പാട് നിയോജകമണ്ഡലത്തിലെ ഹരിപ്പാട് നഗരസഭ, കരുവാറ്റ, ചെറുതന, കുമാരപുരം എന്നീ ഭാഗങ്ങളിൽ വ്യാപിച്ചു കിടക്കുന്ന 2700 ഹെക്ടറോളം നെൽകൃഷി ഓരുവെള്ള ഭീഷണിയിലാണ്. 2100 ഹെക്ടറോളം വരുന്ന 15 പാടശേഖരങ്ങളിൽ ഉപ്പുവെള്ളം കയറി കൃഷി നശിക്കാറായ സ്ഥിതിയുണ്ട്. 25 മുതൽ 80 ദിവസം വരെ പ്രായമുള്ള നെൽച്ചെടികളാണ് നശിക്കാൻ പോകുന്നത്.

ഇറിഗേഷൻ വകുപ്പ് ഓരുമുട്ട് നിർമ്മാണ പ്രവർത്തനങ്ങളും അനുബന്ധ അറ്റകുറ്റപ്പണികളും സമയബന്ധിതമായി പൂർത്തീകരിക്കാത്തതാണ് പ്രധാന കാരണം. മൈനർ, മേജർ ഇറിഗേഷൻ വകുപ്പുകളും കെ.എൽ.ഡി.സി.യും ഇക്കാര്യത്തിൽ ഗുരുതര വീഴ്ചയാണ് വരുത്തിയിട്ടുള്ളത്. കനാലുകളിലും തോടുകളിലും കെട്ടിക്കിടക്കുന്ന ഓരുവെള്ളം ഒഴുക്കിക്കളയാനുള്ള നടപടി വേണം. കൂടാതെ, ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഉപ്പുവെള്ളം പമ്പു ചെയ്തു കളഞ്ഞ് പ്രസ്തുത സ്ഥലത്ത് ശുദ്ധജലം എത്തിച്ച് കൃഷിനാശം ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു.