എട്ടുപേരെ ഡിസ്ചാർജ് ചെയ്തു ഒരാൾ കൂടി നിരീക്ഷണത്തിൽ
ആലപ്പുഴ:കൊറോണ വൈറസ് ബാധ സംശയിച്ച് ഒരാളെ ഇന്നലെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ നില തൃപ്തികരമായി തുടരുന്നതായി അധികൃതർ അറിയിച്ചു. രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന എട്ട് പേരെ ഡിസ്ചാർജ്ജ് ചെയ്തു.നിലവിൽ എട്ട് പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉളളത്. രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും വീടുകളിൽ കരുതൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 182 പേരിൽ 11 പേരെ നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി.
എന്നാൽ പുതുതായി എട്ടുപേർ കൂടി ഉൾപ്പെട്ടതിനാൽ നിലവിൽ 179 പേരാണ് കരുതൽ നിരീക്ഷണത്തിൽ ഉള്ളത്. ഇന്നലെ ശേഖരിച്ച അഞ്ച് സാമ്പിളുകൾ ഉൾപ്പെടെ ആകെ 30 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 25 പേരുടെ റിസൾട്ടുകൾ ലഭിച്ചതിൽ 24 എണ്ണവും നെഗറ്റീവ് ആണ്. ജില്ലയിലെ പഞ്ചായത്ത് സെക്രട്ടറിമാർക്ക് പ്ലാനിംഗ് ഓഫീസ് ഹാളിൽ പരിശീലനം നൽകി. ആരാധനാലയങ്ങളുടെ പ്രതിനിധി യോഗം കളക്ടറേറ്റിൽ ചേർന്നു. ജില്ലയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ ഉൾപ്പെടെ 526 പേർക്ക് പരിശീലനം നൽകി. നിരീക്ഷണത്തിലുള്ള 60 പേർക്ക് ടെലികൗൺസിലിംഗ് നടത്തി.
ബോധവത്കരണ ക്ളാസുകൾ
കാർത്തികപ്പളളി താലുക്ക് ഓഫീസിലെ ജീവനക്കാർക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇന്നലെ പ്രതിരോധ കുത്തിവയ്പ് നടന്ന 78 ആരോഗ്യ സ്ഥാപനങ്ങളിൽ അമ്മമാർക്കുവേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തി.
99 ജില്ലയിലെ ജനപ്രതിനിധികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗ്രാമസഭകൾ, ആശ-അംഗൻ വാടി പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവർക്കായി 99 ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു.
37സ്‌കൂളുകളിൽ ബോധവത്ക്കരണ ക്ലാസ്സുകൾ നടത്തി
രണ്ട് അറസ്റ്റ്
സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു
''ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാകണം
ആരോഗ്യവകുപ്പ് അധികൃതർ.