ആലപ്പുഴ:കൊറോണ വൈറസ് ബാധയെന്ന സംശയത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമായി നിരീക്ഷണത്തിലായിരുന്ന എട്ടുപേരെ ഇന്നലെ ഡിസ്ചാർജ്ജ് ചെയ്തു. മെഡിക്കൽ കോളേജ് ഐസോലേഷൻ വാർഡിൽ അഡ്മിറ്റ് ചെയ്തിരുന്ന ചേർത്തല സ്വദേശിയും ഇതിലുൾപ്പെടും. ഇയാളുടെ രക്തസാമ്പിൾ മൂന്ന് തവണ വൈറോളജി ലാബിൽ പരിശോധിച്ചപ്പോഴും നെഗറ്റീവ് റിസൽട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡിസ്ചാർജ്ജ് ചെയ്തത്. എന്നാൽ അടുത്ത കുറച്ചു ദിവസങ്ങൾ കൂടി വീട്ടിൽ നിരീക്ഷണത്തിലായിരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു,

തൃശ്ശൂരിൽ കൊറോണബാധ സ്ഥിരീകരിച്ച വിദ്യാർത്ഥിനിക്കൊപ്പം ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥി സംഘത്തിൽ ചേർത്തല സ്വദേശിയും ഉൾപ്പെട്ടിരുന്നു. ഇതേ സംഘത്തിലുൾപ്പെട്ട, സാമ്പിൾ പരിശോധനയിൽ പോസിറ്റീവായി കണ്ടെത്തിയതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ കഴിയുന്ന മറ്റൊരു വിദ്യാർത്ഥിയുടെ നിലയിൽ നല്ല പുരോഗതിയുള്ളതായി ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ഇയാളുടെ ബന്ധുക്കളെയും ഇന്നലെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി.

മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തിലായിരുന്നവരെ പരിചരിച്ച ഒരു നഴ്സിനെ പനിബാധിച്ചതിനെ തടർന്ന് ഇന്നലെ പ്രത്യേക വാർഡിൽ നിരീക്ഷണത്തിലാക്കിയതായി അറിയുന്നു.എന്നാൽ ഇക്കാര്യം ഔദ്യോഗികമയി സ്ഥിരീകരിച്ചിട്ടില്ല.