ആലപ്പുഴ : ഇന്നത്തെ കാലം വളരെ മോശമാണെന്നും കലിയുടെ രൂപത്തിലാണ് രാജ്യം ഭരിക്കുന്ന ഭരണകർത്താക്കൾ എത്തിയിട്ടുള്ളതെന്നും സി.പി.ഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻരവീന്ദ്രൻ പറഞ്ഞു.കുതന്ത്രം പഠിച്ച കച്ചവടക്കാരാണ് രാജ്യം ഭരിക്കുന്നത്.ലാഭം മാത്രമാണ് അവർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എ.കെ.എസ്.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പി.ആർ. നമ്പ്യാർ സ്മാരക പുരസ്കാര സമർപ്പണവും സാംസ്കാരിക ഐക്യദാർഢ്യ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ഒന്നൊന്നായി വിറ്റുകൊണ്ടിരിക്കുകയാണ്.സ്വാതന്ത്റ്യസമരത്തിൽ ബ്രിട്ടീഷുകാർക്കൊപ്പം നിന്ന് രാജ്യത്തെ ഒറ്റിക്കൊടുത്ത പാരമ്പര്യമാണ് ബി.ജെ.പിക്കുള്ളത്. അതുതന്നെയാണ് അവർ ഇപ്പോഴും രാജ്യത്തോട് കാട്ടുന്നത്. മോദിയുടെ പരിഷ്കാരങ്ങൾ ജനങ്ങൾക്ക് വേണ്ടിയുള്ളതല്ല. കോർപ്പറേറ്റുകൾക്കും വൻകിട കുത്തകകൾക്കും വേണ്ടിയാണ്. പൗരത്വ ബില്ലിന്റെ പേരിൽ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്കുള്ള ശക്തമായ താക്കീതായിരുന്നു ഡൽഹിയിൽ നടന്ന പ്രക്ഷോഭം. മുസ്ലിം ജനവിഭാഗങ്ങളെ പൂർണ്ണമായും ഇല്ലാതാക്കാനുള്ള ബില്ലിനെ ഒറ്റക്കെട്ടോടെയാണ് രാജ്യം എതിർത്തത്. അത്തരം നീക്കങ്ങൾ ഇപ്പോൾ വിലപ്പോവില്ലെന്നും പന്ന്യൻ പറഞ്ഞു.
പി.ആർ. നമ്പ്യാർ സ്മാരക പുരസ്കാരം ദേശിയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എം പി, പന്ന്യനിൽ നിന്ന് ഏറ്റുവാങ്ങി. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാര തുക നാദാപുരത്തെ പാർട്ടി പ്രവർത്തകനായ ബെന്നിയുടെ കുടുംബ സഹായഫണ്ടിലേയ്ക്ക് കൈമാറുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
വിവിധ മത്സര വിജയികൾക്കുള്ള സമ്മാനവിതരണം സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് നിർവഹിച്ചു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.വി.സത്യനേശൻ, എൻ.ഗോപാലകൃഷ്ണൻ, പി. ജ്യോതിസ്, തുടങ്ങിയവർ പങ്കെടുത്തു. എ.കെ.എസ്.ടി. യു സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഒ.കെ. ജയകൃഷ്ണൻ സ്വാഗതവും ജില്ലാ സെക്രട്ടറി ഉണ്ണി ശിവരാജൻ നന്ദിയും പറഞ്ഞു.