ചേർത്തല:1970കളിൽ ചേർത്തലയിലെ കലാസാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു ഇന്നലെ വിട പറഞ്ഞ വി.ഒ.രാജപ്പൻ.നാടക നടൻ,ബാലെ ആർട്ടിസ്റ്റ്,അനൗൺസർ തുടങ്ങിയ മേഖലയിൽ തിളങ്ങിയ രാജപ്പൻ ചെങ്ങണ്ട രാജ് എന്ന പേരിലാണ് ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. അടൂർ പങ്കജ് തിയറ്റേഴ്സ്,ചേർത്തല ഷൈലജ,വൈക്കം മാളവിക,ഏറ്റുമാനൂർ ശ്രുതിലയ ട്രൂപ്പുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ചേർത്തല ആർ.കെ.നൃത്താലയം,തിരുനെല്ലൂർ രാധാകൃഷ്ണ നൃത്തകലാലയം ട്രൂപ്പുകളിൽ ബാലെയിൽ അഭിനയിച്ചു.പള്ളിപ്പുറം ശ്രീഗുരു നൃത്ത വിദ്യാലയത്തിലെ സ്ഥിരം അനൗൺസറായിരുന്നു.90കളിൽ സജീവമായി രാഷ്ട്രീയത്തിൽ കേന്ദ്രീകരിച്ചെങ്കിലും ഉന്നത സ്ഥാനങ്ങളിൽ നിന്ന് തഴയപ്പെടുകയായിരുന്നു.ചെത്തുതൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരുകയായിരുന്നു.ചെങ്ങണ്ട ഓങ്കാരേശ്വരം ദേവസ്വം പ്രസിഡന്റായിരുന്നു.ക്ഷേത്രങ്ങളിൽ ഭാഗവതപാരായണത്തിനും പോകുമായിരുന്നു.നാല് മാസങ്ങൾക്ക് മുമ്പ് ബൈക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.അതിൽ നിന്ന് തിരിച്ചു വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്.സഹോദരങ്ങളായ തബലിസ്റ്റ് അശോകൻ,പാട്ടുകാരൻ ഉണ്ണി പൊന്നപ്പൻ എന്നിവർ ഇന്നും കലാരംഗത്ത് പ്രവർത്തിക്കുന്നു.മന്ത്രി പി.തിലോത്തമൻ,വയലാർ രവി എം.പി തുടങ്ങിയവർ വി.ഒ.രാജപ്പന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ നടത്തും.