ആലപ്പുഴ: മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വിവിധ വകുപ്പുകളിൽ നടത്തുന്ന അന്തർജില്ല സ്ഥലം മാറ്റങ്ങളും ആശ്രിത നിയമനങ്ങളും ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിനെ നോക്കുകുത്തിയാക്കിയെന്ന് ആക്ഷേപം.
ഒരു വർഷം വകുപ്പുകളിൽ നടക്കുന്ന ആകെ നിയമനത്തിന്റെ പത്തു ശതമാനം മാത്രമേ അന്തർജില്ലാ സ്ഥലം മാറ്റങ്ങൾ, ആശ്രിത നിയമനം എന്നിവയ്ക്കായി മാറ്റിവയ്ക്കാവു എന്ന ചട്ടം മറികടന്ന് ഇത്തരത്തിൽ നിയമനങ്ങൾ തകൃതിയായി നടക്കുന്നത് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന ഉദ്യോഗാർത്ഥികളെ വലയ്ക്കുന്നു. ആശ്രിത നിയമനങ്ങൾക്കായി പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ്, എൽ.ഡി ക്ലാർക്ക് തസ്തികകൾക്ക് ജില്ലാ തലത്തിൽ ക്വാട്ട നിശ്ചയിച്ച് മാസങ്ങൾക്ക് മുൻപ് സർക്കാർ ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും ഇതിനെതിരെ ഉദ്യോഗാർത്ഥികൾ നിയമ നടപടികളുമായി നീങ്ങിയതോടെ നീക്കം താത്കാലികമായി തടസപ്പെട്ടിരുന്നു. ഇതിനിടെയാണ് ജില്ലയിലെ വിവിധ വകുപ്പുകളിൽ നിലവിലുള്ള ഒഴിവുകളിൽ അന്തർജില്ലാ സ്ഥലം മാറ്റത്തിനുള്ള പിൻവാതിൽ നീക്കം നടക്കുന്നത്.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ലാസ്റ്റ് ഗ്രേഡ് ഒഴിവുകൾ സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിൽ ആലപ്പുഴ ജില്ലയിൽ മാത്രം ഒഴിവുകളൊന്നും ഇല്ലെന്നായിരുന്നു വിശദീകരണം. ജില്ലയിൽ ഒഴിവുണ്ടായിരുന്നെങ്കിലും ബന്ധപ്പെട്ട മേലധികാരികൾ റിപ്പോർട്ട് ചെയ്യാതിരുന്നതാണ് ഇത്തരമൊരു മറുപടിക്ക് കാരണമെന്നാണ് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്.