 ബുക്കിംഗുകൾ റദ്ദാക്കപ്പെടുന്നു


ആലപ്പുഴ: കൊറോണ ഭീതി ജില്ലയിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി. റിസോർട്ടുകളിലും ഹോട്ടലുകളിലും മുറികൾ ബുക്ക് ചെയ്തവർ, വരുന്നില്ലെന്ന് അറിയിച്ചതോടെ വലിയ നഷ്ടമാണ് ഈ മേഖലയിൽ ഉണ്ടായത്.

കൊറോണ വൈറസ് ബാധ ടൂറിസം കേന്ദ്രമായ ആലപ്പുഴയിൽ സ്ഥിരീകരിച്ചത് വിദേശ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ തിരിച്ചടിയുണ്ടായി. ടൂറിന് എത്തുന്നവർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ഇൻഫർമേഷൻ സെന്ററിൽ എത്തി കൊറോണ വിവരങ്ങൾ ആരാഞ്ഞ ശേഷം മനസില്ലാ മനസോടെയാണ് കായൽ സഞ്ചാരത്തിന് പോകുന്നതത്രെ.

2018ൽ നിപ വൈറസ് ഭീഷണിയെ തുടർന്ന് സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ നഷ്ടമാണുണ്ടായത്. എന്നാൽ നിപ വേഗം നിയന്ത്രണ വിധേയമാക്കാനായത് പ്രതിസന്ധി കുറച്ചു. 2018 മേയിലാണ് കേരളത്തിൽ ആദ്യമായി നിപ റിപ്പോർട്ട് ചെയ്തത്. ആ മാസം മുതൽ കേരളം സന്ദർശിച്ച വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. ആദ്യത്തെ നാലു മാസങ്ങളിലുണ്ടായ വളർച്ചാ നിരക്കുമായി താരതമ്യം ചെയ്താൽ നിപ ബാധയുമായി ബന്ധപ്പെട്ട് ആഭ്യന്തര വളർച്ചാ നിരക്കിലും വലിയ ഇടിവ് സംഭവിച്ചതായി ടൂറിസം വകുപ്പ് കണ്ടെത്തിയിരുന്നു. ആഗസ്റ്റിലുണ്ടായ പ്രളയംവീണ്ടും പ്രഹരമായി.

 വേണ്ടിവരും 'അര' വർഷമെങ്കിലും

ഭീതിപ്പെടുത്തുന്ന ഒരു ദുരന്തം പ്രചരിച്ചാൽ പിന്നെ ആറുമാസം വേണ്ടി വരും ടൂറിസം മേഖല സാധാരണ നിലയിലെത്താൻ. പ്രളയവും നിപയും കഴിഞ്ഞ് ടൂറിസ്റ്റുകളുടെ വരവ് ശക്തമായിരുന്നു. ഡിസംബറിൽ ഹൗസ് ബോട്ടുകൾ ലഭിക്കാനില്ലായിരുന്നു. എല്ലാമൊന്ന് ശരിയായി വരുന്നതിനിടെയാണ് കൊറോണയെത്തിയത്. ടൂറിസം മേഖലയിലുള്ളവർക്കായി ഡി.ടി.പി.സി മുൻകൈയെടുത്ത് റിസോർട്ട്, ഹൗസ് ബോട്ട് ഉടമകൾക്കും ടൂർ ഓപ്പറേറ്റർമാർക്കും ഈ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്കുമായി മാരാരി ബീച്ചിൽ കൊറോണ വൈറസ് ബോധവത്കരണ ക്ളാസിൽ പങ്കെടുത്തവർ, സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണ് അനുഭവപ്പെടുന്നതെന്ന് വിശദീകരിച്ചു.

...........................................

ടൂറിസം മേഖലയിൽ കൊറോണ ഭീതി കാര്യമായി ബാധിച്ചു. രണ്ട് ആഴ്ചയ്ക്കുള്ളിൽ സഞ്ചാരികളുടെ വരവിൽ കാര്യമായ കുറവുണ്ട്. ആസ്ട്രേലിയ, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള ബുക്കിംഗ് കുറഞ്ഞു

(ഡി.ടി.പി.സി അധികൃതർ)

..........................................

സംസ്ഥാനത്ത് കൊറോണ ബാധിച്ച് ആരും മരിച്ചില്ലെങ്കിലും കായൽ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ട്. ജില്ലയിൽ ആയിരത്തിലധികം ഹൗസ് ബോട്ടുകൾ ഒന്നര ആഴ്ചയായി വിശ്രമത്തിലാണ്

(ആർ.ആർ. ജോഷി രാജ്, ഹൗസ്ബോട്ട് ഓണേഴ്സ് അസോ. മുൻ ഭാരവാഹി)

.............................................

രണ്ട് വർഷത്തോളമായി ടൂറിസം മേഖലയിൽ വിദേശ സഞ്ചാരികളുടെ വരവിൽ വലിയ കുറവാണ് അനുഭവപ്പെടുന്നത്. ജില്ലയിൽ ചെറുതും വലുതുമായ 250ഓളം ഹോം സ്റ്റേകളും 50ൽ അധികം റിസോർട്ടുകളും ഉണ്ട്. സഞ്ചാരികളുടെ ആശങ്ക അകറ്റാൻ അടിയന്തര ഇടപെടലുകൾ ഉണ്ടാവണം.

(ലോഡ്ജ് ഉടമ പ്രതിനിധി)