ആലപ്പുഴ: അരൂക്കുറ്റി പാദുവാപുരം സെന്റ് ആന്റണീസ് ദേവാലയത്തിൽ തിരുനാൾ 11 നു കൊടിയേറി 23നു എട്ടാമിടത്തോടെ തിരുനാൾ സമാപിക്കുമെന്ന് വികാരി ഫാ. ആന്റണി തമ്പി തൈക്കൂട്ടത്തിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊറോണ വൈറസ് നിയന്ത്രണവും രോഗ ബാധിതരുടെ ആരോഗ്യ പരിപാലനവും കണക്കിലെടുത്ത് ആർഭാടങ്ങൾ ഒഴിവാക്കിയാണ് തിരുനാൾ ആഘോഷം സംഘടിപ്പിച്ചിട്ടുള്ളത്. തിരുനാൾ ദിനങ്ങളിൽ പ്രഭാത കുർബാന, ജപമാല, കുരിശിന്റെ വഴി, കരുണക്കൊന്ത, നൊവേന, ലദീഞ്ഞ, ദിവ്യകാരുണ്യ ആശീർവാദം, അടിമയിരുത്തൽ, കുഞ്ഞുങ്ങൾക്ക് ചോറൂട്ട്, പിടിയരി സമർപണം, പുഴുങ്ങ് നേർച്ച എന്നിവയുണ്ടാകും. 11ന് വൈകിട്ട് 5.30ന് വരാപ്പുഴ എമിരറ്റസ് മെത്രാപ്പൊലീത്ത ഡോ. ഫ്രാൻസിസ് കല്ലറക്കലിന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റം. 12നും 13നും നേർച്ച വരവ്. 14ന് രാവിലെ 5.30 ന് വിശുദ്ധന്റെ തിരുസ്വരൂപം പുറത്തേക്ക് എഴുന്നെള്ളിക്കും. 15ന് വൈകിട്ട് 5ന് പുന്നാപ്പള്ളി മാധവൻ രാജന്റെ വസതിയിൽ നിന്ന് പൊൻകുരിശ് ആഘോഷമായി കൊണ്ടുവന്ന് കൈതപ്പുഴക്കായലിൽ നാട്ടും. തിരുനാൾ ദിനമായ 16ന് വിവിധ ഭാഷകളിൽ വിവിധ റീത്തുകളിലും ദിവ്യബലി ഉണ്ടാവും. രാവിലെ 10ന് ആഘോഷമായ സമൂഹ തിരുനാൾ കുർബാനയിൽ കൊല്ലം രൂപത എമിരറ്റസ് മെത്രാൻ ഡോ. സ്റ്റാൻലി റോമൻ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് കായൽ പ്രദക്ഷിണം. കായൽ പ്രദക്ഷിണത്തിലെ മികച്ച ജലയാനങ്ങൾക്ക് സമ്മാനങ്ങൾ നൽകും. വാർത്താസമ്മേളനത്തിൽ സഹവികാരി ഫാ. അനീഷ് ആന്റണി ബാവക്കാട്ട്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി മാത്യൂസ് പുതിയ മാളിയേക്കൽ, ട്രസ്റ്റിമാരായ സണ്ണി തറയിൽ, ജോയി പനത്തറ, സേവ്യർ കളത്തിൽ, പബ്ലിസിറ്റി കൺവീനർ സോളമൻ വർഗീസ് എന്നിവർ പങ്കെടുത്തു.