എടത്വാ: അമ്പലപ്പുഴ- തിരുവല്ല സംസ്ഥാനപാത രണ്ടാംഘട്ട വികസനത്തിന് കിഫ്ബി 85.4 കോടി അനുവദിച്ചു. ആദ്യഘട്ട റോഡ് നവീകരണം പൂർത്തിയാക്കിയ മുറയ്ക്കാണ് രണ്ടാംഘട്ടത്തിന്റെ ശുഭാരംഭത്തിന് വഴിതെളിഞ്ഞത്.

ആദ്യഘട്ടത്തിൽ അമ്പലപ്പുഴ- പൊടിയാടി റോഡ് നവീകരണമാണ് പൂർത്തിയത്. രണ്ടാംഘട്ടത്തിൽ പൊടിയാടി- തിരുവല്ല നവീകരണം ഉൾപ്പെടുത്തി. നവീകരണം കഴിഞ്ഞ റോഡിൽ അനുമതി ലഭിക്കാതിരുന്ന കലുങ്ക് പാലങ്ങൾക്ക് വീതികൂട്ടുക, ഇരുവശങ്ങളിലെയും അപ്രോച്ച് റോഡ് ഉയർത്തുക, പാതയോരത്ത് സോളാർ വഴിവിളക്ക് സ്ഥാപിക്കുക, ബസ്‌വേ സൗകര്യം ഒരുക്കുക, ബസ് കാത്തിരിപ്പ് കേന്ദ്രം സജ്ജമാക്കുക, വഴിയോരങ്ങളിൽ പൂന്തോട്ടം എന്നിവ പദ്ധതിയിലുണ്ടെന്നാണ് സൂചന. ആദ്യഘട്ട നവീകരണം വിലയിരുത്താനും രണ്ടാംഘട്ടത്തിന് അനുമതി നൽകുന്നതിന്റെ ഭാഗമായും കിഫ്ബി ഉദ്യോഗസ്ഥർ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാത സന്ദർശിച്ചു.

അമ്പലപ്പുഴ-പൊടിയാടി ഭാഗം നവീകരണത്തിന് ആദ്യഘട്ടം 69 കോടിയാണ് അനുവദിച്ചിരുന്നത്. 24.3 കി.മീറ്റർ ദൈർഘ്യമുള്ള റോഡിന് ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തത്. 2017 മേയ് അവസാനത്തോടെ പ്രാരംഭ നടപടി ആരംഭിച്ചിരുന്നു. 560 ദിവസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കണമെന്നായിരുന്നു കരാർ വ്യവസ്ഥ.

 കയർ ഭൂവസ്ത്രവും

പ്ലാസ്റ്റിക്ക്, റബ്ബർ, കയർഭൂവസ്ത്രം എന്നിവ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നു. കേളമംഗലം കളത്തിപ്പാലം റോഡിൽ സ്ഥാപിച്ച കുടിവെള്ള പൈപ്പ് ലൈൻ ഇടയ്ക്കിടെ പൊട്ടിയതാണ് നിർമ്മാണം വൈകിയത്. സൈൻ ബോർഡിന്റെയും, സിഗ്‌നൽ ലൈനിന്റെയും നടപ്പാതയുടേയും നിർമ്മാണമാണ് ഇനിയും തീരാനുള്ളത്.