ചേർത്തല: ചേർത്തലയിലുണ്ടായ രണ്ട് വാഹനാപകടങ്ങളിൽ മൂന്ന് യുവാക്കൾ മരിച്ചു.
ഇന്നലെ ഉച്ചയ്ക്ക് കഞ്ഞിക്കുഴി വനസ്വർഗത്ത് ടോറസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രികരും തണ്ണീർമുക്കത്ത് കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലുണ്ടായ ബൈക്ക് അപകടത്തിൽ കേബിൾ ടി.വി ടെക്നിഷ്യനുമാണ് മരിച്ചത്.
വളവനാട് കുന്നിനകത്തുവെളി മുത്തുവിന്റെ മകൻ മിഥുൻ കൃഷ്ണ (20), മുഹമ്മ പാന്തേഴത്ത് കലശിവെളി കോളനി പരേതനായ സുരേഷിന്റെ മകൻ അരുൺ (കണ്ണൻ-20) എന്നിവർ ഇന്നലെ ഉച്ചയോടെ മുഹമ്മ - കഞ്ഞിക്കുഴി റോഡിൽ വനസ്വർഗം പള്ളിക്ക് സമീപമുള്ള വളവിൽ ടോറസ് ലോറിക്കടിയിൽപ്പെട്ടാണ് മരിച്ചത്. ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് തണ്ണീർമുക്കം സ്മാർട്ട് കേബിൾ ടിവി ജീവനക്കാരൻ തണ്ണീർമുക്കം എട്ടാം വാർഡ് തറയിൽ ഭാസുരന്റെ മകൻ ബിനീഷ് (31) തണ്ണീർമുക്കം കാളികുളം കിഴക്ക് ലിസ്യുനഗർ പള്ളിക്ക് സമീപത്തുണ്ടായ അപകടത്തിൽ മരിച്ചത്. റോഡിൽ വീണുകിടന്ന ബിനീഷിനെ ആ സമയം വന്ന ആംബുലൻസ് ഡ്രൈവറാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അവിവാഹിതനാണ്. മാതാവ്: പത്മാവതി. സഹോദരങ്ങൾ: ജ്യോതിഷ്,രതീഷ്.
വനസ്വർഗത്തുണ്ടായ അപകടത്തിൽ മരിച്ച രണ്ടു പേരുടെയും മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഗീതയാണ് അരുണിന്റെ അമ്മ. മിഥുന്റെ അമ്മ: ദീപ. സഹോദരൻ: യദുകൃഷ്ണ.