' രണ്ട് മാസത്തിനുള്ളിൽ കുടുങ്ങിയത് 14പേർ
ആലപ്പുഴ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് എത്തിക്കുന്ന കണ്ണിയിൽപ്പെട്ട രണ്ട് യുവാക്കളെ ആലപ്പുഴ സൗത്ത് പൊലീസ് പിടിച്ചു.ഇവർ സഞ്ചരിച്ച കാറും മൂന്ന് കിലോ കഞ്ചാവും പിടിച്ചെടുത്തു. എറണാകുളം മേക്കടവ് വാളകം പഞ്ചായത്ത് വാർഡ് ഞാലിപ്പറമ്പിൽ മിഥുൻ(30),കണ്ണൂർ പായം പഞ്ചായത്ത് വാർഡ് പുളിക്കൽ ഹൗസിൽ സനൽ(28) എന്നിവരെയാണ് സൗത്ത് സി.ഐ എം.കെ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. യുവാക്കൾ കാറിൽ കഞ്ചാവുമായി എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചിന് പൊലിസ് പിന്തുടർന്ന് ആലപ്പുഴ ബീച്ചിൽ വച്ച് ഇരുവരെയും പിടികൂടുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തിച്ച് സംസ്ഥാനത്ത് കഞ്ചാവ് വിതരണം ചെയ്യുന്ന പ്രധാന കണ്ണികളാണ് പ്രതികളെന്ന് സൗത്ത് പൊലിസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ആലപ്പുഴ നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കഞ്ചാവ് മാഫിയയെ അമർച്ച ചെയ്യാനായി 'ഓപ്പറേഷൻ ഡാർക്ക് ഡെവിൾ' എന്ന പേരിൽ സൗത്ത് പൊലീസ് തുടങ്ങിയ ഓപ്പറേഷനിൽ രണ്ട് മാസത്തിനുള്ളിൽ 14 പേരാണ് പിടിയിലായത്.
സൗത്ത് എസ്.ഐ കെ.ജി രതീഷ്,പ്രൊബേഷനറി എസ്.ഐ രാജീവ്, സുനേവ്,എ.എസ്.ഐ നൗഷാദ്,സി.പി.ഒമാരായ മാഹീൻ, സേവ്യർ,ഗിരീഷ്,അജയ്,വർഗീസ്,ഉല്ലാസ്,സമീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.