നിരീക്ഷണത്തിലുള്ളത് ഏഴുപേർ
ആലപ്പുഴ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ നില തൃപ്തികരമായി തുടരുന്നു. രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഒരാളെക്കൂടി ഇന്നലെ ഡിസ്ചാർജ്ജ് ചെയ്തു. നിലവിൽ ഏഴു പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്.
രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും വീടുകളിൽ കരുതൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 171
പേരിൽ 9 പേരെ 28 ദിവസം പൂർത്തിയായതിനാൽ നിരീക്ഷണ പട്ടികയിൽ നിന്ന് ഇന്നലെ ഒഴിവാക്കി. എന്നാൽ പുതുതായി 16 പേരെ ഉൾപ്പെടുത്തി. നിലവിൽ വീടുകളിൽ കഴിയുന്ന 179 പേരും ആശുപത്രികളിൽ ഉള്ള 7 പേരും ഉൾപ്പെടെ 186 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ എടുത്ത ഒരു സാംപിൾ ഉൾപ്പെടെ 31 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 27 പേരുടെ പരിശോധനാ ഫലത്തിൽ 26ഉം നെഗറ്റീവ് ആണ്.
# ആശങ്ക അകറ്റി കൺട്രോൾ റൂം
കൊറോണയുമായി ബന്ധപ്പെട്ട് ഭീതിയും ആശങ്കയും നിറഞ്ഞ നിരവധി ചോദ്യങ്ങളാണ് കളക്ടറേറ്റിലെ കൊറോണ കൺട്രോൾ റൂമിൽ ദിനംപ്രതി ലഭിക്കുന്നത്. രോഗബാധിതരെ സന്ദർശിക്കാമോ എന്നു ചോദിച്ച് നിരവധി കാളുകളാണ് കൺട്രോൾ റൂമിൽ ലഭിച്ചത്. പതിനഞ്ചോളം കാളുകൾ ഓരോദിവസവും കൊറോണ വൈറസ് ബാധ സംബന്ധിച്ച സംശയങ്ങളുമായി ജില്ല കൺട്രോൾ റൂമിൽ ലഭിക്കുന്നുണ്ട്. ഫോൺ- 0477 2239999. ദിശ- 1056.
>>>>>>>>>>>>>>>>>>>>>>>>>>>>
പോസിറ്റീവ് നെഗറ്റീവാകുമോ?
രണ്ടാഴ്ച വരെയെടുക്കാം. പ്രായം , ആരോഗ്യം, അസുഖത്തിന്റെ കാഠിന്യം എന്നിവ അനുസരിച്ച് ഇത് മാറും. സാധാരണ ഒരു വൈറൽ പനി വരുന്നത് മാറാൻ എടുക്കുന്ന സമയമാണ് ഇതിനും വേണ്ടത്
ഡിസ്ചാർജ് ചെയ്യാൻ?
ഇപ്പോഴത്തെ നിയമം അനുസരിച്ച് ഒരു സാമ്പിൾ നെഗറ്റീവ് ആയി രോഗലക്ഷണങ്ങൾ കുറഞ്ഞാൽ ചികിത്സിക്കുന്ന ഡോക്ടറുടെ നിർദ്ദേശപ്രകാരം രോഗികളെ ഡിസ്ചാർജ് ചെയ്യാം.
എത്രത്തോളം മാരകം?
വായുവിൽ കൂടി പകരുന്ന രോഗമായതിനാൽ പെട്ടെന്ന് രോഗം പടരും. വൈറൽ രോഗമായതിനാൽ കൃത്യമായി ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങൾ നോക്കിയാണ് ചികിത്സിക്കുന്നത്. പ്രായം ചെന്ന ആളുകൾ, പ്രമേഹമുള്ളവർ, മറ്റ് രോഗങ്ങൾ ഉള്ളവർ എന്നിവർക്ക് വൈറസ് ബാധയുണ്ടാകുന്നത് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.
സാധാരണ പനിയുടെ ലക്ഷണങ്ങൾ തന്നെയാണോ?
അതെ. സാധാരണ വൈറൽ പനിയുടെ ലക്ഷണങ്ങൾ തന്നെയാണ് കോറോണ വൈറസിനും. പനി, ചുമ, കഫക്കെട്ട്, ശ്വാസതടസം എന്നിവയുള്ളവർ മറ്റുള്ളവർക്ക് പകരാതെ ശ്രദ്ധിക്കുക.