ചേർത്തല: പൊതുമേഖലാ സ്ഥാപനമായ ചേർത്തല ആട്ടോകാസ്​റ്റിൽ 43 കോടിയുടെ ബില്ല് കുടിശികയെ തുടർന്ന് കെ.എസ്.ഇ.ബി ബന്ധം വിച്ഛേദിച്ചു. ഉന്നത ഇടപെടലിനെ തുടർന്ന് വൈകിട്ടോടെ ബന്ധം പുന:സ്ഥാപിക്കുകയും ചെയ്തു.

വ്യാഴാഴ്ച ഉച്ചയോടെയാണ് കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിച്ചത്. സ്ഥാപനത്തിൽ ഉത്പാദനം കുറഞ്ഞതിനെത്തുടർന്ന് രണ്ടുമാസമായി ശമ്പളം പോലും മുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ കെ.എസ്.ഇ.ബിയുടെ ഇടപെടൽ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ആട്ടോകാസ്​റ്റ് എം.ഡി എസ്.എസ്. ശ്യാമള കെ.എസ്.ഇ.ബി ചെയർമാനുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് വൈദ്യുതി പുന:സ്ഥാപിച്ചത്.

പ്രതിമാസം 30 ലക്ഷത്തോളമാണ് ഇവിടത്തെ വൈദ്യുതി നിരക്ക്. 1995 മുതലുള്ള കുടിശികയും അതിന്റെ പലിശയും പിഴപലിശയും പെരുകിയാണ് 43 കോടിയിലെത്തിയത്. 275 സ്ഥിരം ജീവനക്കാരും 185 ദിവസ വേതനക്കാരുമാണ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നത്.