ഹരിപ്പാട്: ബൈക്കിൽ സഞ്ചരിക്കവേ സൈക്കിൾ യാത്രികനുമായി കൂട്ടിയിടിച്ച് വീണ പൊലീസുകാരനെ ആശുപത്രിയിലേക്കു കൊണ്ടുപോയ ആട്ടോറിക്ഷ സ്കൂട്ടറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. രണ്ട് അപകടങ്ങളിലുംപെട്ട പൊലീസുകാരന്റെ തോളെല്ലിനും കഴുത്തിനും കാലിനും പരിക്കേറ്റു.
തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കരുവാറ്റ വെട്ടത്തേരിൽ ശ്രീകുമാറിനാണ് (39) പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ ഹരിപ്പാട് കോടതിയിലേക്ക് പോയ ശ്രീകുമാർ പുളിക്കീഴ് പെട്രോൾ പമ്പിന് സമീത്തുവച്ചാണ് സൈക്കിളിൽ ഇടിച്ചത്. കൈക്കും കാലിനും പരിക്കേറ്റ ശ്രീകുമാറിനെ ഹരിപ്പാട് ആശുപത്രിയിലേക്ക് ആട്ടോയിൽ കൊണ്ടുപോകുന്നതിനിടെ ദേശീയപാതയിൽ ആർ.കെ ജംഗ്ഷന് സമീപം ആട്ടോറിക്ഷ സ്കൂട്ടറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിന്റെ വശത്തേക്ക് ആട്ടോ മറിഞ്ഞ് ശ്രീകുമാറിന് വീണ്ടും പരിക്കേറ്റു. തുടർന്ന് തൃക്കുന്നപ്പുഴ പൊലീസ് ആണ് ശ്രീകുമാറിനെ ആശുപത്രിയിൽ എത്തിച്ചത്.